കേരളം
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം; അറസ്റ്റിലായ എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമത്തിൽ അറസ്റ്റിലായ എട്ട് എസ് എഫ് ഐ പ്രവർത്തകർക്കും ജാമ്യം. ജില്ലാ പ്രസിഡൻ്റ് ജിതിൻ ബാബു അടക്കമുള്ള പ്രവർത്തകർ സ്റ്റേഷൻ ജാമ്യം ലഭിച്ച് പുറത്ത് പോയി. അതിക്രമം നടത്തിയ എസ്എഫ്ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു . എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത് ബാബു, ബ്രഹ്മദത്ത് (തൃപ്പുണിത്തറ ഏരിയ സെക്രട്ടറി) , ശരത് (ജില്ലാ കമ്മിറ്റി അംഗം) എന്നിവരാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
അതിനിടെ വ്യാജ ദൃശ്യങ്ങൾ ചിത്രീകരിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ഏഷ്യാനറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകർ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് കോഴിക്കോട് വെള്ളയിൽ പൊലീസ് കേസെടുത്തത്. കെ ഷാജഹാൻ, നൗഫൽ ബിൻ യൂസഫ് എന്നിവർ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് കേസ്. പോക്സോ, വ്യാജ രേഖ ചമക്കൽ, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഇതിനിടെ ഏഷ്യാനെറ്റ് ന്യൂസിനെതിരെയുണ്ടായ അതിക്രമത്തില്‍ കെയുഡബ്ല്യുജെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. സെക്രട്ടറിയേറ്റിലേക്ക് കെയുഡബ്ല്യുജെ മാര്‍ച്ച് നടത്തും. ഏഷ്യാനെറ്റ് ഓഫിസിലേക്ക് ഇന്നലെ രാത്രിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത്. ഓഫിസിനുള്ളില്‍ ബാനര്‍ കെട്ടുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്തു. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രസ് ക്ലബ് ഓഫ് ഇന്ത്യ സംഭവത്തെ അപലപിച്ചു.