കേരളം
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിനെതിരെ ആത്മഹത്യാക്കുറിപ്പ്; വീട്ടമ്മ ജീവനൊടുക്കിയതിന്റെ കാരണം അതിര്‍ത്തി തര്‍ക്കം
അതിർത്തി തർക്കത്തിൽ ക്ഷേത്രം ഭാരവാഹികൾക്കെതിരെ ആത്മഹത്യാകുറിപ്പും ശബ്ദസന്ദേശവും തയ്യാറാക്കിയശേഷം വീട്ടമ്മയുടെ ആത്മഹത്യ. തിരുവനന്തപുരം പുലയനാർകോട്ട ശ്രീമഹാദേവക്ഷേത്രത്തിന് സമീപം താമസിക്കുന്ന വിജയകുമാരിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. വിജയകുമാരിയെ ആക്രമിച്ചെന്ന പരാതിയിൽ ക്ഷേത്രം പ്രസിഡണ്ടിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പ്രസിഡണ്ടിൻ്റെ പരാതിയിൽ വീട്ടമ്മയ്ക്കെതിരെയും കേസുണ്ട്.
വീടിന്റെ പിന്നാമ്പുറത്ത് ശനിയാഴ്ചയാണ് വിജയകുമാരി തൂങ്ങിമരിച്ചത്. വീടിനോട് ചേർന്നുള്ള മഹാദേവക്ഷേത്രത്തിന്റെ ഉപദേശകസമിതി പ്രസിഡന്റും അയൽവാസിയുമായ ജി എസ് അശോകനും സംഘവും ആക്രമിച്ചതിൽ മനംനൊന്ത് ജീവനൊടുക്കുന്നുവെന്നാണ് ഫോണിൽ റെക്കോഡ് ചെയ്ത വിജയകുമാരിയുടെ മൊഴിയിലെ ആക്ഷേപം. ക്ഷേത്രകമ്മിറ്റിയും വിജയകുമാരിയുടെ കുടുംബവും തമ്മിൽ വര്‍ഷങ്ങാളായി അതിര്‍ത്തിതര്‍ക്കമുണ്ട്.
ഉത്സവത്തിന്റെ ഭാഗമായി നാലിന് ജെസിബി ഉപയോഗിച്ച് ക്ഷേത്രപരിസരം വൃത്തിയാക്കുന്നതിനിടെ ദേവസ്വം ഭൂമിയും കുടുംബ സ്വത്തും വേര്‍തിരിക്കാൻ വിജയകുമാരി സ്ഥാപിച്ച സര്‍വ്വേകല്ല് പിഴുതുമാറ്റിയതിന് പിന്നാലെയായിരുന്നു തര്‍ക്കം. ചോദ്യം ചെയ്തപ്പോൾ അശോകനും കുടുംബവും വെട്ടുകത്തിയുമായി ഭീഷണിപ്പെടുത്തിയതിന്റെ ദൃശ്യവും വിജയകുമാരിയുടെ ബന്ധുക്കൾ പുറത്തുവിട്ടു.
പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നാണ് കുടുംബത്തിൻ്റെ ആക്ഷേപം. എന്നാൽ വിജയകുമാരിയാണ് ആക്രമണം നടത്തിയതെന്നാണ് അശോകന്റെ വിശദീകരണം. ഇരുവരുടേയും പരാതികളിൽ നേരത്തെ കേസെടുത്തെന്നാണ് മെഡിക്കൽ കോളേജ് പൊലീസിൻ്റെ വിശദീകരണം. വിജയകുമാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റിലേക്ക് കടക്കാനിരിക്കേയാണ് ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നു. ആത്മഹത്യാക്കുറിപ്പന്റേയും സന്ദേശത്തിന്റേയും അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നാണ് പൊലീസ് പറയുന്നത്.