ദേശീയം
ദേശീയ ശിശുക്ഷേമ കൗണ്‍സിലിന്റെ കുട്ടികളുടെ ധീരതയ്ക്കുള്ള പുരസ്കാരങ്ങളിൽ മലയാളിത്തിളക്കം.
ബാലാവകാശങ്ങൾക്കായുള്ള സംഘടനയായ ദേശീയ ശിശുക്ഷേമ കൗണ്‍സിൽ (ഇന്ത്യൻ കൗണ്‍സിൽ ഫോർ ചൈൽഡ് വെൽഫെയർ -ഐസിസിഡബ്ല്യു) നൽകുന്ന കഴിഞ്ഞ മൂന്നു വർഷത്തെ 56 ധീരതാ പുരസ്കാരങ്ങളിൽ 11 മലയാളി കുട്ടികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. എട്ടു വിഭാഗങ്ങളിലുള്ള കുട്ടികളുടെ ഈ പുരസ്കാരത്തിൽ കേരളത്തിനിതു പുതിയ റിക്കാർഡാണ്.
കനാലിൽ വീണ മൂന്നു വയസുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തിയാണ് രാമവർമപുരം പള്ളിമൂല മണ്ണാത്ത് ഏയ്ഞ്ചൽ മരിയ ജോയ് (10) ധീരതാ പുരസ്കാരത്തിന് അർഹയായത്.
കടലുണ്ടി പുഴയിൽ മുങ്ങിയ കൂട്ടുകാരെ രക്ഷിച്ചാണ് തേഞ്ഞിപ്പലം ടെനക്കലങ്ങാടി മേടപ്പിൽ അഹ്മദ് ഫാസിനും (15) പാറപ്പുറത്ത് മുഹമ്മദ് ഇർഫാനും ധീരത കാട്ടിയത്. കുറ്റ്യാടി തളീക്കരയിലെ തോട്ടിൽ വീണ അഞ്ചു വയസുകാരനെയാണ് മുഹമ്മദ് നിഹാദ് (12) രക്ഷിച്ചത്.
കുളത്തിൽ വീണു മുങ്ങാൻ തുടങ്ങിയ മൂന്നു പേരുടെ ജീവൻ രക്ഷിച്ചതിനായിരുന്നു ശീതൾ ശശിയെന്ന കുട്ടിയെ ദേശീയ ധീരതയ്ക്കുള്ള അവാർഡിന് അർഹയാക്കിയത്. വയനാട് മാനന്തവാടി തലപ്പുഴ കരുണാലയത്തിൽ ശിവകൃഷ്ണൻ പുഴയിൽ ചാടിയാണ് ഒരു കുട്ടിയെ രക്ഷപ്പെടുത്തിയത്.
തോട്ടിൽ മുങ്ങിയ ബന്ധുക്കളായ മൂന്നു കുട്ടികളെ രക്ഷിച്ചായിരുന്നു വയനാട് പാതിരിച്ചാലിലെ ജയകൃഷ്ണൻ, വേങ്ങരയിലെ ഉമർ മുക്താർ, വള്ളുവന്പ്രത്തെ മുഹമ്മദ് ഹംറാസ് എന്നിവരുടെ ധീരത.
വിരണ്ടോടിയ പോത്തിന്റെ അക്രമത്തിൽ നിന്നു ബാലികയെ രക്ഷിച്ചതിനാണ് കോഴിക്കോട് കടമേരി സ്കൂളിലെ ടി.എൻ. ക്ഷാനിസിനെ അവാർഡിന് തെരഞ്ഞെടുത്തത്.
മലപ്പുറം അരിയല്ലൂർ നന്പാല ഋതുജി സുനിൽകുമാറാകട്ടെ തെങ്ങിന്റെ മുകളിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാൻ ഉണർന്നു പ്രവർത്തിച്ചു.