കേരളം
അച്ചടി മാധ്യമങ്ങളുടെ പ്രസക്തിയ്ക്ക് മങ്ങലേറ്റിട്ടില്ല; മുൻ മന്ത്രി ജി. സുധാകരൻ
നവ മാധ്യമങ്ങളുടെ വരവ് മൂലം അച്ചടി മാധ്യമങ്ങളുടെ പ്രസക്തിയ്ക്ക് യാതൊരു കുറവും ഉണ്ടായിട്ടില്ലെന്ന് മുൻ സഹകരണ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ . കേരള പത്രപ്രവർത്തക അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം പുന്നമട ഫിനിഷിംഗ് പോയിന്റിൽ ത്രിവേണി ഹൗസ്ബോട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രിന്റ് മാധ്യമങ്ങളുടെ ഉപയോഗം കുറഞ്ഞ് വരുന്നു എന്ന വാദം തെറ്റാണ്. എന്നും രാവിലെ എഴുന്നേൽക്കുമ്പോൾ പത്രങ്ങൾ വന്നോ എന്നാണ് കുടുംബാംഗങ്ങൾ പരസ്പരം ചോദിയ്ക്കുന്നതെന്നും ജി. സുധാകരൻ പറഞ്ഞു. പ്രാദേശിക പത്ര-ദൃശ്യ-ശ്രാവ്യ മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി എന്നത് ഇന്നും സ്വപ്നമായി തുടരുന്നു. ഇവരോട് കാണിയ്ക്കുന്ന സമീപനം ശരിയാണോ എന്ന് പരിശോധിയ്ക്കണം. നാട്ടിലെ എല്ലാ തൊഴിലെടു ക്കുന്നവർക്കും ക്ഷേമനിധി ഉണ്ട് എന്നത് നാം കാണാതിരുന്നു കൂടാ എന്നും ജി സുധാകരൻ പറഞ്ഞു. മാധ്യമങ്ങൾ മുഖ്യമന്ത്രിമാരെ തീരുമാനിയ്ക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്.
രാവിലെ പത്രമെടുക്കുമ്പോൾ വായനക്കാരൻ ആദ്യം കാണുന്നത് മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ളവർ ഇവരൊക്കെയാണ് എന്നതാണ്. ഒരു ശതമാനം പോലും ജന പിന്തുണയില്ലാത്തവർ മുഖ്യമന്ത്രിയായി പരിഗണിയ്ക്കുന്നത് മാധ്യമ ധർമ്മമല്ലെന്നും ജി സുധാകരൻ പറഞ്ഞു. കുട്ടനാട് സന്ദർശിച്ചവർക്ക് മാത്രമെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിയ്ക്കുവാൻ കഴിഞ്ഞിട്ടുള്ളു എന്നും കുട്ടനാട്ടിലെത്താത്ത ആർക്കാണ് മുഖ്യമന്ത്രിയാകാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. നാടിന്റെ നേതാക്കന്മാരെ വളർത്തിയെടുക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്ക് ഉണ്ടെന്നും സുധാകരൻ പറഞ്ഞു.
ഒരാൾ ക്ഷേമനിധി ബോർഡ് അംഗമായാൽ നാട്ടിലും പരിസരങ്ങളിലും നൂറ് ബോർഡുകൾ വയ്ക്കുന്ന നേതാക്കന്മാരായി പലരും മാറുന്നതാണ് നാം കാണുന്നത്. ഇതൊക്കെ മാറ്റുവാൻ മാധ്യമ പ്രവർത്തകർ ശ്രദ്ധിയ്ക്കണമെന്നും ജി സുധാകരൻ പറഞ്ഞു. കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നവാസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
മുതിർന്ന മാധ്യമ പ്രവർത്തകരായ ക്ലീറ്റസ് കളത്തിൽ ( മലയാള മനോരമ ) സുശീൽ കുമാർ ( ദേശാഭിമാനി) എന്നിവരേയും വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച എം കെ മോഹനന് ( മോഹനൻ അസോസിയേറ്റ്സ്,ബാംഗ്ലൂർ) മാനവ സേവ പുരസ്ക്കാര രം സുധാകരൻ സമ്മാനിച്ചു. ഡോക്ടർ നെടുമുടി ഹരികുമാർ (സാഹിത്യം), സി. രാധാകൃഷ്ണൻ അമ്പലപ്പുഴ (നാടകം-സംഘാടനം ) കാക്കാഴം സുരേഷ് ബാബു (സാക്ഷരത – കലാ സംഗീതം ) എന്നിവരെ സമ്മേളനത്തിൽ വെച്ച് ജി സുധാകരൻ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
കേരള പത്രപ്രവർത്തക അസോസിയേഷന്റെ സംഘടന പ്രവർത്തന വിശദീകരണം സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തിയും പുതിയ അംഗത്വ വിതരണം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ശങ്കറും അംഗങ്ങൾക്കുള്ള ഐ ഡി കാർഡ് വിതരണം സീനിയർ സെക്രട്ടറി കെ കെ അബ്ദുള്ളയും നിർവഹിച്ചു. അസോസിയേഷൻ പുതിയ ടാഗിന്റെ പ്രകാശനം സംസ്ഥാന വൈസ് പ്രസിഡന്റ് സലീം മൂഴിക്കൽ നിർവ്വഹിച്ചു. ആലപ്പുഴ മുനിസിപ്പൽ കൗൺസിലർ ക്ലാരമ്മ പീറ്റർ , എസ്.ഐ: ഇസ്മായിൽ ഖാൻ, മാതൃഭൂമി ആലപ്പുഴ ബ്യൂറോ സീനിയർ റിപ്പോർട്ടർ കെ.എ ബാബു, ജില്ലാ ജനറൽ സെക്രട്ടറി ഡോക്ടർ ജോൺസൺ വി ഇടിക്കുള, കവയത്രി ടി. സുവർണ്ണ കുമാരി,രഞ്ജിത്ത് എബ്രാഹാം, അസോസിയേഷൻ സംസ്ഥാന സമിതിയംഗം ബി കൃഷ്ണകുമാർ , കുട്ടനാട് താലൂക്ക് പ്രസിഡന്റ് പിയൂഷ് പി പ്രസന്നൻ , ജില്ലാ ട്രഷറർ എസ്. ശ്യാം കുമാർ , പി. രശ്മി, എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കുടുംബ സംഗമം മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
വർത്തമാനത്തെ കാലത്തെ സത്യങ്ങൾ വിളിച്ച് പറയുവാൻ മാധ്യമങ്ങൾ തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒളിപ്പിച്ചു വയ്ക്കുന്നതെന്തും പുറത്ത് കൊണ്ടുവരുവാൻ കഴിയുന്ന തരത്തിൽ മാധ്യമങ്ങൾ മാറി കഴിഞ്ഞുവെന്നും എന്നാൽ എത്ര മാധ്യമങ്ങൾക്ക് കാര്യങ്ങൾ തുറന്ന് പറയുവാൻ കഴിയുന്നു എന്നത് ആത്മ പരിരോധന നടത്തണമെന്നും ചെന്നിത്തല പറഞ്ഞു. അവഗണന നേരിടുന്ന പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധിയും ആരോഗ്യ ഇൻഷുറൻസും നടപ്പിലാക്കുവാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നവാസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം മധു കടുത്തുരുത്തി ഉദ്ഘാടനം ചെയ്തു. ഡോക്ടർ ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി കെ ഫിലിപ്പോസ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന പ്രസിഡന്റ് ജി ശങ്കർ , സംസ്ഥാന ഭാരവാഹികളായ സലിം മൂഴിക്കൽ, ബൈജു പെരുവ , ബി കൃഷണകുമാർ , ജാഫർ തങ്ങൾ, പി രശ്മി , ദീപഎന്നിവർ സംസാരിച്ചു. സമാപന സമ്മേളനം എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു. എല്ലാ തൊഴിലാളികൾക്കും ഇവിടെ ക്ഷേമനിധിയും മറ്റ് ആനുകുല്യങ്ങളും ഉള്ളപ്പോൾ താഴെ തട്ടിൽ സംഘർഷഭരിതമായ അവസ്ഥയിൽ പോലും പ്രാദേശിക വാർത്തകൾ കണ്ടെത്തി പത്ര പേജുകൾ നിറയ്ക്കുന്ന പ്രാദേശിക ലേഖകർക്ക് ക്ഷേമനിധി ഇപ്പോഴും അന്യമായി തുടരുന്നത് അനീതിയാണെന്ന് എം പി പറഞ്ഞു. പ്രാദേശിക പത്രപ്രവർത്തകർ സ്വന്തം നിലയ്ക്ക് ക്ഷേമനിധിയെപ്പറ്റി ചിന്തിയ്ക്കണമെന്നും ആരിഫ് പറഞ്ഞു. കുടുംബാംഗങ്ങളുടെ കലാ-സാംസ്കാരിക പരിപാടികളോടെ കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ സമ്മേളനം സമാപിച്ചു.
കേരള പത്രപ്രവർത്തക അസോസിയേഷന്റെ പുതിയ ജില്ലാ ഭാരവാഹികളായി നവാസ് അഹമ്മദ് (പ്രസിഡന്റ്) പി രശ്മി (വൈസ് പ്രസിഡന്റ്) ഡോക്ടർ ജോൺസൺ വി ഇടിക്കുള (സെക്രട്ടറി), എസ് ശ്യാംകുമാർ (ട്രഷറർ), പത്മകുമാർ, രഞ്ജിത്ത് എബ്രഹാം (ജോയിന്റ് സെക്രട്ടറിമാർ) അംഗം ആയി ബി. കൃഷ്ണകുമാർ (സംസ്ഥാന കമ്മിറ്റി അംഗം) എന്നിവരെ തെരഞ്ഞെടുത്തു.