കേരളം
മന്നം ജയന്തി ആഘോഷം ഇന്നും നാളെയും; ശശി തരൂർ ഉദ്ഘാടനം ചെയ്യും
നായർ സർവിസ് സൊസൈറ്റി സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 146-ാമത് ജയന്തി ആഘോഷത്തിനൊരുങ്ങി എൻഎസ്എസ്. ഇന്നും നാളെയും പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്താണ് ആഘോഷം. ഇന്ന് രാവിലെ ഏഴുമണിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി തുടങ്ങിയ ആഘോഷങ്ങൾ മന്നംജയന്തി സമ്മേളനത്തോടെ അവസാനിക്കും. കലാപരിപാടികളും ഉണ്ടാകും.
നാളെ രാവിലെ 10.45നാണ് മന്നം ജയന്തി സമ്മേളനം. ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തും. എൻഎസ്എസ് കൺവൻഷൻ സെന്ററിന്റെയും ഗെസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം ജനറൽ സെക്രട്ടറി സുകുമാരൻ നായർ നിർവഹിക്കും.
പെരുന്ന നായർ സർവീസ് സൊസൈറ്റി ആസ്ഥാനത്തിന് എതിർവശത്തായി എംസി റോഡരികിലാണ് കൺവൻഷൻ സെന്റർ. ആഘോഷങ്ങളിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഭക്ഷണ സൗകര്യം ഒരുക്കിയിട്ടുണ്ട്. സമുദായ പ്രവർത്തകർക്കുള്ള താമസ സൗകര്യവും എൻഎസ്എസ് ആസ്ഥാനത്തെ വിദ്യാഭ്യാസ സമുച്ചയങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്.