കേരളം
രാവിലെ മുതൽ പരിശോധന, 12 മണിയോടെ ആഘോഷങ്ങൾ അവസാനിപ്പിക്കണം; പുതുവത്സരാഘോഷങ്ങൾ അതിരുവിടരുതെന്ന് പൊലീസ്
കൊച്ചിയിലെ പുതുവത്സരാഘോഷങ്ങൾ അതിരുവിടാതിരിക്കാൻ കർശന നടപടിയുമായി പൊലീസ്. രാത്രി 12 മണിയോടെ ആഘോഷപരിപാടികൾ അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം. നഗരത്തിലും, ആഘോഷം നടക്കുന്ന ഫോർട്ട് കൊച്ചിയിലും കർശന പരിശോധനയുണ്ടാകും.
ശനിയാഴ്ച രാവിലെ മുതൽത്തന്നെ നിരത്തുകളിൽ കർശന പരിശോധന തുടങ്ങും. ജില്ലാ അതിർത്തികൾക്ക് പുറമേ ഫോർട്ട് കൊച്ചി, മട്ടാഞ്ചോരി ഭാഗങ്ങളിലും കർശന പരിശോധന ഉറപ്പാക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കും സ്ത്രീകളെ ശല്യം ചെയ്യുന്നവർക്കും പൊലീസിന്റെ പിടി വീഴും. ഹോട്ടലുകളിൽ തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷമേ പാർട്ടികളിൽ പ്രവേശനം അനുവദിക്കൂ.
മദ്യത്തിന് ഓഫർ നൽകുന്ന ഹോട്ടലുകൾക്കെതിരെ നടപടിയുണ്ടാകും. ഹോട്ടലുകളിലെ പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയാൽ സംഘാടകർക്കെതിരെ കേസെടുക്കും. വർണാഭമായ ആഘോഷപരിപാടികൾക്കിടയിലും കരുതൽ വേണമെന്നാണ് അന്വേഷണ ഏജൻസികളുടെ മുന്നറയിപ്പ്.