കേരളം
എറണാകുളം ജില്ലയില്‍ അഞ്ച് താലൂക്കുകളില്‍ ഇന്ന് പ്രളയ ദുരന്ത മോക് ഡ്രില്‍
പ്രളയ ദുരന്ത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയില്‍ ഇന്ന് മോക് ഡ്രില്‍ നടക്കും. കേന്ദ്ര, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് മോക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ ആലുവ, പറവൂര്‍, മുവാറ്റുപുഴ, കണയന്നൂര്‍, കുന്നത്തുനാട് താലൂക്കുകളിലാണ് മോക് ഡ്രില്‍ നടക്കുന്നത്.
ഈ താലൂക്കുകളിലെ തെരഞ്ഞെടുത്ത അഞ്ച് കേന്ദ്രങ്ങളിലാണ് ഡ്രില്ല് നടത്തുന്നത്. ഏലൂരിലെ സതേണ്‍ മിനറല്‍ ആന്റ് കെമിക്കല്‍ കമ്പനി, ആലുവ തുരുത്ത്, മൂവാറ്റുപുഴ ഇലാഹിയ കോളനി, കാക്കനാടിന് സമീപം തുതിയൂര്‍ കരിയില്‍ കോളനി, ഒക്കല്‍ ഗ്രാമ പഞ്ചായത്തിലെ ചേലാമറ്റം ക്ഷേത്രക്കടവ് എന്നിവിടങ്ങളാണ് മോക് ഡ്രില്ലിന് വേദിയാകുന്നത്.
രാസ വസ്തുക്കള്‍ നിര്‍മിക്കുന്ന കമ്പനിയില്‍ പ്രളയമുണ്ടായാല്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളാണ് ഏലൂരിലെ ഡ്രില്ലില്‍ ഉള്ളത്. സാധാരണ പ്രളയങ്ങളില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് മറ്റിടങ്ങളില്‍ നിശ്ചയിച്ചിട്ടുള്ളത്. ഡ്രില്ലിനോട് അനുബന്ധിച്ച് ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ താലൂക്ക് അടിസ്ഥാനത്തില്‍ കണ്ട്രോള് റൂമുകളും പ്രത്യേകം റിലീഫ് ക്യാമ്പുകളും മെഡിക്കല്‍ എയ്ഡ് പോസ്റ്റുകളും സജ്ജമാക്കിയിട്ടുണ്ട്.
അഞ്ച് സ്ഥലങ്ങളിലും ജില്ലാ കളക്ടറേറ്റിലെ ജില്ലാ അടിയന്തിരഘട്ട കാര്യ നിര്‍വഹണ കേന്ദ്രത്തിലും കേന്ദ്രീകൃത കണ്ട്രോള് റൂമും സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാകും പ്രവര്‍ത്തനങ്ങള്‍ നടക്കുക. റവന്യൂ, അഗ്നി രക്ഷാ സേന, പൊലീസ്, ആരോഗ്യം, ജലസേചനം, വൈദ്യുതി, വിവര പൊതുജന സമ്പര്‍ക്കം, മോട്ടോര്‍ വാഹനം, തദ്ദേശ സ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകള്‍ പങ്കെടുക്കും.
അടിയന്തര സാഹചര്യമുണ്ടായാല്‍ ക്യാമ്പുകള്‍ സജ്ജീകരിക്കേണ്ട രീതി, വെള്ളം കയറുന്ന സാഹചര്യത്തില്‍ കിടപ്പ് രോഗികള്‍, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ എന്നിവരെ വീടുകളില്‍ നിന്ന് മാറ്റേണ്ട രീതി, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ചികിത്സ ഉറപ്പാക്കല്‍, കണ്ട്രോള് റൂം സജ്ജമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മോക് ഡ്രില്ലില്‍ വിലയിരുത്തും.