ദേശീയം
ബദരിനാഥ് ക്ഷേത്രം നവംബര്‍ 19 ന് അടയ്ക്കും
ബദരിനാഥ് ക്ഷേത്രം നവംബര്‍ 19 ന് അടയ്ക്കും. ശൈത്യകാലത്തെ തുടര്‍ന്നാണ് ക്ഷേത്രം അടയ്ക്കുന്നത്. ദേവപ്രശ്നം നടത്തിയ ശേഷമാണ് ക്ഷേത്രം അടയ്ക്കാനുള്ള തീയതി തീരുമാനിച്ചത്. എല്ലാവര്‍ഷവും ദസ്റാ ആഘോഷ ദിനത്തിലാണ് ക്ഷേത്രം അടയ്ക്കാനുള്ള തീയതി തീരുമാനിക്കുന്നത്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ വിഷ്ണു തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഉത്തരാഖണ്ഡിലെ ബദരിനാഥ് ക്ഷേത്രം. ഹിമാലയത്തില്‍ സമുദ്ര നിരപ്പില്‍ നിന്നും പതിനായിരത്തോളം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബദരിനാഥ് ക്ഷേത്രം ശങ്കരാചാര്യരാണ് സ്ഥാപിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ബദരിനാഥില്‍ മഹാവിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ. ചാര്‍ധാം യാത്രയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ക്ഷേത്രമാണ് ബദ്രിനാഥ്. എല്ലാ വര്‍ഷവും ആറുമാസം മാത്രമേ ക്ഷേത്രം തുറന്നുപ്രവര്‍ത്തിക്കൂ. ബാക്കിയുള്ള മാസങ്ങളില്‍ ഇവിടം മഞ്ഞുമൂടിക്കിടക്കും. സാധാരണയായി ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളിലാണ് ക്ഷേത്രനട തുറക്കാറ്.