കേരളം
അതിവേഗ റെയില്‍: 20,000 കണ്ടല്‍ മരങ്ങള്‍ വെട്ടാന്‍ ഹൈക്കോടതി അനുമതി
മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ഇരുപതിനായിരത്തിലേറെ കണ്ടല്‍ മരങ്ങള്‍ വെട്ടാന്‍ ബോംബൈ ഹൈക്കോടതിയുടെ അനുമതി. മരം വെട്ടാന്‍ അനുമതി തേടി നാഷനല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.
2018ല്‍ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം സംസ്ഥാനത്ത് കണ്ടല്‍ക്കാടുകള്‍ വെട്ടുന്നതിനു നിരോധനമുണ്ട്. ഏതെങ്കിലും പദ്ധതിക്കായി കണ്ടല്‍ക്കാടുകള്‍ വെട്ടുന്നുണ്ടെങ്കില്‍ ഹൈക്കോടതിയില്‍നിന്നു പ്രത്യേകമായി അനുമതി തേടണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. ഇത് അനുസരിച്ചാണ് ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ഹര്‍ജി നല്‍കിയത്.
വെട്ടി നശിപ്പിക്കുന്നതിന്റെ അഞ്ചിരട്ടി കണ്ടല്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കും എന്ന് ഹര്‍ജിയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു. എന്നാല്‍ നടുന്നതില്‍ എത്ര മരങ്ങള്‍ വളരും എന്നതില്‍ ഉറപ്പില്ലെന്നു ചൂണ്ടിക്കാട്ടി, ബോംബെ എണ്‍വയന്‍മെന്റല്‍ ആക്ഷന്‍ ഗ്രൂപ്പ് എന്ന എന്‍ജിഒ ഹര്‍ജിയെ എതിര്‍ത്തു. കണ്ടല്‍മരങ്ങള്‍ വെട്ടുന്നതിലൂടെ പ്രകൃതിക്ക് ഉണ്ടാവുന്ന ആഘാതം എത്രയെന്നു പഠിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മുംബൈയില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രാ സമയം ആറര മണിക്കൂറില്‍നിന്ന് രണ്ടര മണിക്കൂറായി കുറയ്ക്കാനാണ് അതിവേഗ റെയില്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.