കേരളം
സജി ചെറിയാന് വീണ്ടും മന്ത്രിസഭയിലേക്ക്?; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ
ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തി എന്ന ആരോപണത്തില്‍ മന്ത്രിസ്ഥാനം രാജിവെച്ച സിപിഎം നേതാവ് സജി ചെറിയാന്‍ വൈകാതെ തന്നെ മന്ത്രിസഭയിലേക്ക് തിരികെ എത്തിയേക്കും. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചില്ലെന്ന് കാണിച്ച് കേസ് അവസാനിപ്പിക്കാന്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് സജി ചെറിയാന് വീണ്ടും മന്ത്രിയാവാന്‍ വഴിയൊരുങ്ങുന്നത്. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്‌തേക്കും.
മാസങ്ങള്‍ക്ക് മുന്‍പ് മല്ലപ്പള്ളിയില്‍ നടന്ന സിപിഎം സമ്മേളനത്തില്‍ സജി ചെറിയാന്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്നും ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് അതേപടി പകര്‍ത്തുകയായിരുന്നു എന്നുമുള്ള സജി ചെറിയാന്റെ പരാമര്‍ശങ്ങളാണ് വിവാദമായത്. സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം അലയടിച്ചതോടെ, സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെയ്ക്കുകയായിരുന്നു. അതിനിടെ തിരുവല്ല കോടതി സജി ചെറിയാനെതിരെ കേസ് എടുക്കാനും നിര്‍ദേശിച്ചു. സജി ചെറിയാന്‍ രാജിവെച്ച ഒഴിവില്‍ പകരക്കാരനെ വെയ്ക്കാതെ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയ സജി ചെറിയാന് തിരിച്ചുവരാനുള്ള പഴുതും അന്ന് സിപിഎം നേതൃത്വം ഇട്ടിരുന്നു.
ഇപ്പോള്‍ സജി ചെറിയാന് തടസ്സങ്ങള്‍ ഒന്നുമില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രസംഗത്തെ തുടര്‍ന്ന് ഉണ്ടായ സവിശേഷ സാഹചര്യത്തിലായിരുന്നു രാജി. ഇപ്പോള്‍ നിയമപരമായ തടസ്സങ്ങള്‍ കൂടി മാറിയ സാഹചര്യത്തില്‍ അദ്ദേഹത്തിന് മടങ്ങിവരുന്നതില്‍ മറ്റു പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ബന്ധുനിയമ വിവാദത്തില്‍ കുടുങ്ങി സിപിഎം നേതാവ് ഇ പി ജയരാജന് മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നിരുന്നു. കേസില്‍ വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയതോടെ അദ്ദേഹം മന്ത്രിസഭയില്‍ മടങ്ങിയെത്തുകയും ചെയ്തു. സമാനമായ സാഹചര്യമാണ് സജി ചെറിയാനെന്നും നേതൃത്വം വിലയിരുത്തുന്നു. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ് വകുപ്പ് വി അബ്ദുറഹ്മാനും സാംസ്‌കാരികം വി എന്‍ വാസവനും യുവജനക്ഷേമം മുഹമ്മദ് റിയാസുമാണ് കൈകാര്യം ചെയ്യുന്നത്.