കേരളം
വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി മാര്‍ച്ചിന് അനുമതി നിഷേധിച്ചു; കനത്ത സുരക്ഷ
![](https://citizenkerala.com/wp-content/uploads/2022/11/Untitled-design-23.jpg)
വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി ഇന്നു നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. വിഴിഞ്ഞം സമരത്തിനെതിരെയാണ് ഹിന്ദു ഐക്യവേദി മാര്‍ച്ച് സംഘടിപ്പിക്കുന്നത്. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദി സംഘടനയായിരിക്കുമെന്ന് പൊലീസ് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ വൈദികരുടെ നേതൃത്വത്തിലുള്ള സമരത്തിനെതിരെയാണ് ഹിന്ദു ഐക്യവേദി വൈകീട്ട് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ പി ശശികലയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചത്.
വൈകീട്ട് നാലിന് മുക്കോല ജംഗ്ഷനില്‍ നിന്നും മാര്‍ച്ച് തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് അറുന്നൂറോളം പൊലിസിനെ വിന്യസിച്ചു. അതേസമയം വിഴിഞ്ഞം പ്രത്യേക പൊലീസ് സംഘത്തിന്റെ മേധാവിയായി നിയമിച്ച ഡിഐജി ആര്‍ നിശാന്തിനി ഇന്ന് വിഴിഞ്ഞത്തെത്തും.
വിഴിഞ്ഞം സ്‌പെഷല്‍ ഓഫീസറായി കഴിഞ്ഞ ദിവസമാണ് നിശാന്തിനി ഐപിഎസിനെ നിയമിച്ചത്. അഞ്ച് എസ്പിമാരും എട്ട് ഡിവൈഎസ്പിമാരുമടങ്ങുന്ന പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് മദ്യനിരോധനവും പൊലീസിന്റെ കനത്ത ജാഗ്രതയും തുടരുകയാണ്.