ദേശീയം
കോവിഡ് ബാധിതരുമായി 15 മിനിറ്റ് സമ്പര്‍ക്കമുണ്ടായാല്‍ രോഗവ്യാപനത്തിനു കാരണമാകുമെന്ന് പഠനം
കോവിഡ് ബാധിച്ച വ്യക്തിയുമായി 15 മിനിറ്റ് സമ്പര്‍ക്കം രോഗവ്യാപനത്തിനു കാരണമാകുമെന്ന് ഗവേഷകര്‍. ആറടി അകലം പാലിക്കലും മാസ്‌ക് ഉപയോഗവും രോഗം പടരാതിരിക്കാന്‍ അത്യന്താപേക്ഷിതമാണെന്ന് അടിവരയിടുന്നതാണ് യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ (സി.ഡി.സി) കണ്ടെത്തല്‍.
രോഗം ബാധിച്ച് 24 മണിക്കൂറായ വ്യക്തിയുമായി ആറടി അകലത്തിനുള്ളിലുള്ള 15 മിനിറ്റോ അധിലധികമോ ഉള്ള സമ്പര്‍ക്കത്തെ ‘അടുത്ത സമ്പര്‍ക്കം’ എന്നാണ് സി.ഡി.സി വിശേഷിപ്പിക്കുന്നത്.
സി.ഡി.സിയുടെ പുതിയ കണ്ടെത്തല്‍ സാര്‍സ് കോവ് 2 വൈറസ് നേരത്തേതിലും കൂടുതല്‍ വ്യാപക ശേഷിയുള്ളതായി മാറിയെന്നാണ് കാണിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഒന്നിലധികം വഴികളിലൂടെ രോഗവ്യാപനം ഉണ്ടാകുന്നതിന്റെ അപകടസാധ്യത രാജ്യത്തെ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് കോവിഡ് ടാസ്‌ക് ഫോഴ്സ് അംഗം ഡോ. രാഹുല്‍ പണ്ഡിറ്റ് പറഞ്ഞു. രോഗി തുമ്മുന്നതോ ചുമയ്ക്കുന്നതോ അല്ല, അയാള്‍ ഉള്‍ക്കൊള്ളുന്ന വൈറല്‍ ലോഡാണ് അപകടം.
ഒരു രോഗിയില്‍ വളരെയധികം വൈറല്‍ ലോഡ് ഉണ്ടെങ്കില്‍ തൊട്ടടുത്തുള്ള ആളിലേക്കുള്ള വ്യാപനവും എളുപ്പമാകും. മാസ്‌ക് ധരിക്കുന്നതിലൂടെയും അകലം പാലിക്കുന്നതിലൂടെയും ഇതിനെ മറികടക്കാം. എന്നാല്‍, ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ആശ്വാസം നല്‍കുന്ന വാര്‍ത്തയ്ക്കായി 1521 ദിവസം കൂടി കാത്തിരിക്കണം.
രോഗലക്ഷണമില്ലാത്തവരുടെ എണ്ണവും ലക്ഷണമുള്ളവരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണ്ടവരേക്കാള്‍ കൂടുതല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കൂടിയെങ്കില്‍ മാത്രമേ വൈറസ് വ്യാപനത്തിന്റെ തോത് കുറഞ്ഞെന്ന് ഉറപ്പിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.