ദേശീയം
71,000 പേര്‍ക്ക് സര്‍ക്കാര്‍ ജോലി; നിയമന ഉത്തരവ് കൈമാറി മോദി
പത്ത് ലക്ഷം പേര്‍ക്ക് ജോലി നല്‍കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച റോസ്ഗാര്‍ മേളയുടെ ഭാഗമായി ഇന്ന് 71,000 പേര്‍ക്ക് നിയമന ഉത്തരവ് കൈമാറി. വീഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിയമന ഉത്തരവുകള്‍ കൈമാറിയത്.
രാജ്യത്തെ നാല്‍പ്പത്തിയഞ്ച് സ്ഥലങ്ങളിലാണ് ഇന്ന് റോസ്ഗാര്‍ മേള നടന്നത്. നിയമന ഉത്തരവിന്റെ അസല്‍ പകര്‍പ്പുകളാണ് ഉദ്യോഗാര്‍ഥികള്‍ക്ക് കൈമാറിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഗുജറാത്തും ഹിമാചല്‍ പ്രദേശത്തും ഒഴികെയുള്ള സംസ്ഥാനങ്ങളിലാണ് മേള സംഘടിപ്പിച്ചത്.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ഒരു ചുവടുവെയ്പ് ആയിട്ടാണ് ഈ മേളയെ കാണുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുള്ള ചാലകശക്തിയായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. അതിലൂടെ രാജ്യത്തിന്റെ വികസനത്തില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇതിന് മുന്‍പ് ഒക്ടോബര്‍ 22നാണ് മെഗാ തൊഴില്‍മേള പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. അന്ന് 75,000 പേര്‍ക്കാണ് നിയമന ഉത്തരവ് നല്‍കിയത്. ഈ വര്‍ഷം ജൂണില്‍ കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ജീവനക്കാരുടെ എണ്ണവും ഒഴിവുകളും അവലോകനം ചെയ്ത ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, ഒന്നര വര്‍ഷത്തിനകം പത്ത് ലക്ഷം ഉദ്യോഗാര്‍ത്ഥികളെ പ്രത്യേക ദൗത്യമായി റിക്രൂട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്.