കേരളം
അരുണാചല്‍ പ്രദേശിലെ ഹെലികോപ്റ്റര്‍ അപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
അരുണാചല്‍ പ്രദേശിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയായ സൈനികന്‍ കെ വി അശ്വിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. അസമിലെ സൈനിക ആശുപത്രിയിലാണ് നിലവില്‍ അശ്വിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. ഡല്‍ഹിയില്‍ നിന്നാണ് മൃതദേഹം നാട്ടിലേക്ക് എത്തിക്കുക.
വിയോഗ വാര്‍ത്ത അറിഞ്ഞതുമുതല്‍ അശ്വിന്റെ ചെറുവത്തൂരിലെ വീട്ടിലേക്ക് നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെ നിരവധി ആളുകളാണ് എത്തിയത്. പലരുടേയും പ്രതികരണം വൈകാരികമായിരുന്നു. അശ്വിന് വിട നല്‍കാന്‍ വേദനയോടെ തയാറെടുക്കുകയാണ് ഒരുനാട് ഒന്നാകെ.
നാല് വര്‍ഷമായി അശ്വിന്‍ സൈനിക സേവനത്തിലായിരുന്നു. അശ്വിന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ഓണത്തിനാണ് അശ്വിന്‍ അവസാനമായി നാട്ടില്‍വന്നത്. ചെറുവത്തൂര്‍ സ്വദേശി അശോകന്റെ മകനാണ് അശ്വിന്‍.
മിഗ്ഗിംഗ് ഗ്രാമത്തിലാണ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. മൂന്ന് ഏരിയല്‍ റെസ്‌ക്യൂ സംഘങ്ങള്‍ ചേര്‍ന്നാണ് നാല് മൃതദേഹങ്ങളും കണ്ടെത്തിയത്. അഞ്ചുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.