ദേശീയം
പണിതീരാത്ത റോഡിൽ അപകടമുണ്ടായാൽ ഉദ്യോഗസ്ഥർ ഉത്തരവാദികൾ; എൻ.എച്ച്.എ.ഐ
റോഡിലെ അറ്റകുറ്റപ്പണികൾ സമയബദ്ധമായി പരിഹരിക്കാത്തതുകാരണം അപകടമുണ്ടായാൽ ഉദ്യോഗസ്ഥരെ ഉത്തരവാദികളാക്കുമെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻ.എച്ച്.എ.ഐ.) മുന്നറിയിപ്പ്.
റോഡിലെ പ്രശ്നങ്ങൾ കാരണമുള്ള ഗുരുതരമായ അപകടങ്ങൾക്കും അപകടമരണങ്ങൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരം പറയേണ്ടിവരുമെന്നും അതോറിറ്റി സർക്കുലറിൽ വ്യക്തമാക്കി. റോഡപകടങ്ങളുടെപേരിൽ ദേശീയപാത അതോറിറ്റിക്ക് ദുഷ്‌പേരുണ്ടാകുന്നെന്നും സർക്കുലറിൽ പറയുന്നു.
ഗതാഗതസുരക്ഷയുടെ ഭാഗമായുള്ള ദിശാസൂചികകൾ, അടയാളങ്ങൾ, രക്ഷാവേലികൾ തുടങ്ങിയവ സ്ഥാപിച്ചിട്ടില്ലെങ്കിലും റോഡുപണി പൂർത്തിയായെന്ന പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഉദ്യോഗസ്ഥർ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ ശേഷിക്കുന്ന പണികൾ പൂർത്തിയാക്കണമെന്നാണു നിയമം. ഇതു ചെയ്യുന്നുണ്ടെന്ന് ബന്ധപ്പെട്ട റീജണൽ ഓഫീസറോ പ്രോജക്ട് ഡയറക്ടറോ എൻജിനിയർമാരോ പരിശോധിച്ച് ഉറപ്പാക്കണമെന്നും സർക്കുലർ നിർദേശിക്കുന്നു.