കേരളം
വെട്ടുകാട് പള്ളി തിരുന്നാള്‍ നവംബര്‍ 11 മുതല്‍ 20 വരെ; മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം
വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുന്നാളിനോടനുബന്ധിച്ച് മുന്നൊരുക്കങ്ങള്‍ നടത്താന്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ അവലോകന യോഗം. നവംബര്‍ 11 മുതല്‍ 20 വരെ നടക്കുന്ന തിരുന്നാള്‍ പൂര്‍ണമായും ഹരിത ചട്ടം പാലിച്ചായിരിക്കും സംഘടിപ്പിക്കുക. കോവിഡ് നിയന്ത്രണങ്ങള്‍ മാറിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയ തോതിൽ തീര്‍ത്ഥാടകര്‍ ഇത്തവണ തിരുന്നാളിനെത്താന്‍ സാധ്യതയുള്ളതിനാൽ അത് മുന്നില്‍ കണ്ടുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.
ട്രാഫിക് നിയന്ത്രണത്തിനും സുരക്ഷക്കും പോലീസ് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. തിരുന്നാള്‍ ദിവസങ്ങളില്‍ മദ്യം, മയക്കുമരുന്ന് എന്നിവയുടെ വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കാനായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തും. തിരക്ക് കണക്കിലെടുത്ത് ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്നും കിഴക്കേക്കോട്ട, തമ്പാനൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഉത്സവദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകള്‍ നടത്തും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘവും ആംബുലന്‍സ് സൗകര്യവുമുണ്ടാകും. റോഡുകളുടെ അറ്റകുറ്റപ്പണിയും കേടായ തെരുവുവിളക്കുകള്‍ മാറ്റിസ്ഥാപിക്കുന്നതും അടിയന്തരമായി പൂര്‍ത്തിയാക്കും. ഉത്സവപ്രദേശത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ നടത്തും. ഗതാഗതം തടസപ്പെടുത്തിയുള്ള വഴിയോരക്കച്ചവടത്തിനും കടല്‍ത്തീരത്തെ കച്ചവടത്തിനും നിരോധനം ഏര്‍പ്പെടുത്തും. ഉത്സവപ്രദേശങ്ങളില്‍ യാചക നിരോധനം ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു.
നഗരസഭാ കൗണ്‍സിലര്‍മാരായ സെറാഫിന്‍ ഫ്രെഡി, ക്ലൈനസ് റൊസാരിയോ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ഡി.ആര്‍ അനില്‍, ജമീല ശ്രീധരന്‍, സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അനില്‍ ജോസ് ജെ, ഇടവക വികാരി റവ.ഡോ.ജോര്‍ജ് ജെ ഗോമസ്, ഇടവക സെക്രട്ടറി ഷാജി ഡിക്രൂസ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.