കേരളം
ജയരാമന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു
കെ ജയരാമൻ നമ്പൂതിരിയെ ശബരിമല മേൽശാന്തിയായി തിരഞ്ഞെടുത്തു. സന്നിധാനത്ത് നടന്ന ചടങ്ങിൽ പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വർമയാണ് ശബരിമല മേൽശാന്തിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് കെ ജയരാമൻ നമ്പൂതിരി. പത്തുപേരാണ് അന്തിമപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഉഷഃപൂജയ്ക്കുശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്.
ഹരിഹരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുത്തു. പന്തളം കൊട്ടാരത്തിലെ പൗർണമി ജി. വർമയാണ് മാളികപ്പുറം മേൽശാന്തിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. എട്ട് ശാന്തിമാരിൽ നിന്നാണ് ഹരിഹരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത്.
ദേവസ്വംബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, ഹൈക്കോടതി നിയോഗിച്ച നിരീക്ഷകൻ റിട്ട. ജസ്റ്റിസ് എൻ. ഭാസ്കരൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. മാളികപ്പുറം മേൽശാന്തിയെ തിരഞ്ഞെടുക്കുന്നതിനായി സന്നിധാനത്ത് നിന്നും സംഘം മാളികപ്പുറത്തേയ്ക്ക് എത്തുകയായിരുന്നു.
നേരത്തെ ശബരിമല മേൽശാന്തി നിയമനത്തിനായുള്ള നറുക്കെടുപ്പ് സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. അതേസമയം, മേൽശാന്തി നിയമനം സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിന്റെ അന്തിമ തീർപ്പിനു വിധേയമായിരിക്കുമെന്ന് ജസ്റ്റിസ് കൃഷ്ണ മുരാരി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.