ദേശീയം
ഇരുചക്ര വാഹന ലൈസന്‍സിന് രണ്ടാഴ്ചത്തെ ക്ലാസ് നിര്‍ബന്ധം; വിജ്ഞാപനമിറക്കി
ഇരുചക്ര വാഹന ലൈസന്‍സിനായി തിയറി, പ്രായോഗിക പരിശീലനം നിര്‍ബന്ധമാക്കി ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. 20 സെഷനുകളിലായി രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന തിയറി, പ്രായോഗിക പരിശീലനത്തില്‍ റോഡ് മര്യാദയും ഇന്ധനക്ഷമത കൂട്ടുന്ന ഡ്രൈവിങ് ഉള്‍പ്പെടെയാണ് പഠിക്കേണ്ടത്.
അംഗീകൃത ഡ്രൈവിങ് സെന്ററുകളില്‍ നിന്ന് ഡ്രൈവിങ് ക്ഷമത പരീക്ഷ പാസായതിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി അപേക്ഷയ്‌ക്കൊപ്പം നല്‍കിയാലേ ഇനി ലൈസന്‍സ് ലഭിക്കുകയുള്ളൂ. കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ ലൈസന്‍സിന് നാലാഴ്ച നീളുന്ന പരിശീലനം നിര്‍ബന്ധമാക്കിയിരുന്നു. അതിന്റെ തുടച്ചയാണിത്.
ഡ്രൈവിങ് ബാലപാഠങ്ങള്‍, ട്രാഫിക് വിദ്യാഭ്യാസം, അപകടങ്ങളില്‍പ്പെട്ടവര്‍ക്കുള്ള പ്രഥമശുശ്രൂഷ തുടങ്ങിയ കാര്യങ്ങളാണ് ഏഴു സെഷനുകളിലായി തിയറി ക്ലാസില്‍ പഠിപ്പിക്കുക. ഡ്രൈവിങ്ങിന്റെ വിവിധ ഘട്ടം, രാത്രികാല ഡ്രൈവിങ്, വാഹനത്തിന്റെ അടിസ്ഥാന അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയാണ് 13 സെഷനുകളിലായുള്ള പ്രായോഗിക പരിശീലന ക്ലാസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.