കേരളം
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം: ജനബോധന യാത്ര ഇന്ന് കൊച്ചിയിൽ
വിഴിഞ്ഞം തീരസംരക്ഷണ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ജനബോധനയാത്ര ഇന്ന് കൊച്ചിയില്‍ പര്യടനം നടത്തും. വിഴിഞ്ഞം സമരത്തെ സംസ്ഥാന വ്യാപക വിഷയമാക്കി ഉയര്‍ത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ ജനബോധന യാത്ര ആരംഭിച്ചിട്ടുള്ളത്.
കേരള ലാറ്റിന്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ്, കോസ്റ്റല്‍ ഏരിയ ഡെവലപ്പ്‌മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് ജനബോധന യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. യാത്രയ്ക്ക് കെസിബിസി അടക്കമുള്ള സഭകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ മൂലമ്പിള്ളിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. ഇന്നലെ ആദ്യദിനത്തിലെ യാത്രയുടെ സമാപനയോഗത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സംബന്ധിച്ചു. എല്ലാ ക്രൈസ്തവ സഭകളുടേയും പിന്തുണ സമരത്തിനുണ്ടെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവിച്ചു. കേരളത്തില്‍ വന്‍കിട പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ശരിയായ പഠനം നടത്താന്‍ സ്ഥിരം കമ്മിറ്റിയെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനബോധന യാത്രയുടെ രണ്ടാം ദിനമായ ഇന്ന് കൊച്ചി രൂപതയ്ക്ക് കീഴിലുള്ള പ്രദേശങ്ങളിലൂടെയാണ് യാത്ര കടന്നുപോകുക. പശ്ചിമകൊച്ചി മേഖലയിലാകും പ്രധാനമായും യാത്ര പര്യടനം നടത്തുക. നാളെ ചെല്ലാനത്തു നിന്നും യാത്ര പുനരാരംഭിക്കും. അഞ്ചുദിവസം നീളുന്ന യാത്ര ഞായറാഴ്ച വിഴിഞ്ഞത്തെ സമരപ്പന്തലില്‍ സമാപിക്കും.
ഞായറാഴ്ച തിരുവനന്തപുരത്തെത്തുന്ന യാത്രയില്‍ പരിസ്ഥിതി, മത്സ്യതൊഴിലാളി, സാമൂഹ്യ സംഘടനകള്‍ പങ്കെടുക്കും. തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് ശാസ്ത്രീയ പഠനം നടത്തുക, തീരുമാനമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവിറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് ലത്തീന്‍ അതിരൂപതയുടെ നിലപാട്.