കേരളം
രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വന്‍ വര്‍ദ്ധന; കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം
രാജ്യത്ത് സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വന്‍ വര്‍ദ്ധന. ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ വളര്‍ച്ചാ നിരക്ക് 13. 5 ശതമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പാദ വളര്‍ച്ചാ നിരക്കാണ് ഇത്തവണത്തേത്. നേരത്തെ കൊവിഡിനു ശേഷം കഴിഞ്ഞ വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ 20.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
വ്യാപാര വാണിജ്യ രംഗം, ഗതാഗതം, നിര്‍മ്മാണ മേഖല എന്നിവടങ്ങളില്‍ ഈ കാലയളവിലുണ്ടായ വലിയ കുതിപ്പാണ് ജിഡിപി വളര്‍ച്ച ഇത്രയും ഉയരാന്‍ കാരണം. ഇന്ന് പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 2022 ജൂലൈ വരെയുള്ള കാലയളവിൽ ധനക്കമ്മി 20.5 ശതമാനത്തിലെത്തി. ഇന്ന് കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (സിജിഎ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, നികുതികൾ ഉൾപ്പെടെ സർക്കാരിന്റെ വരവ് 7.85 ട്രില്യൺ രൂപയാണ്.
നികുതി വരുമാനം 6.66 ട്രില്യൺ രൂപയാണ്. അതായത് ഈ വർഷത്തെ ബിഇയുടെ 34.4 ശതമാനമാണ് ഇത്. കഴിഞ്ഞ വർഷവും ഏപ്രിൽ-ജൂലൈ കാലയളവിൽ വാർഷിക എസ്റ്റിമേറ്റിന്റെ 34.2 ശതമാനം ലാഭിക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നു. കേന്ദ്ര ഗവൺമെന്റിന്റെ മൊത്തം ചെലവ് 11.26 ട്രില്യൺ രൂപ അല്ലെങ്കിൽ 2022-23 ബിഇയുടെ 28.6 ശതമാനം ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷവും ഇതേ അളവിൽ തന്നെ ആയിരുന്നു കേന്ദ്ര സർക്കാരിന്റെ മൊത്തം ചെലവ്.
2022 ജൂലൈ വരെയുള്ള കേന്ദ്ര ഗവൺമെന്റിന്റെ പ്രതിമാസ കണക്ക് പ്രകാരം, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 23.2 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ മുഴുവൻ വർഷത്തെ ബജറ്റ് ലക്ഷ്യത്തിന്റെ 27.8 ശതമാനമായിരുന്നു മൂലധന ചെലവ്. 2022-23ൽ ഗവൺമെന്റിന്റെ ധനക്കമ്മി 16.61 ട്രില്യൺ രൂപ അല്ലെങ്കിൽ ജിഡിപിയുടെ 6.4 ശതമാനം ആയിരിക്കും.