കേരളം
കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; എം.വി.ഗോവിന്ദന്‍ പുതിയ സെക്രട്ടറി
മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. എം.വി.ഗോവിന്ദന്‍ പുതിയ സെക്രട്ടറിയാകും. ആരോഗ്യ കാരണങ്ങളാലാണ് കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിയുന്നത്. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ചെന്നൈയിലേക്ക് കൊണ്ടുപോകും. നാളെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കും.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണനെ അദ്ദേഹത്തിന്റെ ഫ്ലാറ്റിലെത്തി സന്ദർശിച്ചു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ് ബ്യൂറോ (പിബി) അംഗം എം.എ.ബേബി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേർന്നിരുന്നു. സിപിഎം സംസ്ഥാന സമിതി യോഗം ആരംഭിച്ചു. ഇതിനുശേഷം കോടിയേരി ഒഴിയുന്നതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കോടിയേരിക്കു പകരം ആരെന്ന കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ദൈനംദിന ചുമതലകൾ നിർവഹിക്കാനുള്ള പരിമിതികൾ കോടിയേരി പാർട്ടി നേതൃത്വത്തെ അറിയിച്ചതായി സൂചനകളുണ്ടായിരുന്നു. പകരം ക്രമീകരണം വേണോ എന്നു തീരുമാനിക്കേണ്ടത് പാർട്ടിയാണ്. നേരത്തേ ചികിത്സാർഥം അദ്ദേഹം അവധിയെടുത്തപ്പോൾ ചുമതല താൽക്കാലികമായി എ.വിജയരാഘവനു കൈമാറിയതു പോലെ ഒരു സംവിധാനം വേണോയെന്ന് പിബി യോഗം തീരുമാനിക്കും.
രണ്ടാഴ്ച മുൻപു ചേർന്ന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളിലും വയ്യായ്മകളെ അതിജീവിച്ചു കോടിയേരി പങ്കെടുക്കുകയും നേതൃപരമായ കടമ നിർവഹിക്കുകയും ചെയ്തിരുന്നു.