ദേശീയം
ചരിത്രം കുറിച്ച് നീരജ് ചോപ്ര; ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വെള്ളി
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന്റെ അഭിമാനമായി നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍ നേട്ടം കരസ്ഥമാക്കി. ഫൈനലില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കി.
19 വര്‍ഷത്തിന് ശേഷമാണ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. അഞ്ജു ബോബി ജോര്‍ജിന് ശേഷം മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര. ഒളിമ്പിക്‌സിലും ലോക അത്‌ലറ്റിക്കിലും മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് നീരജ് ചോപ്ര.
ഫൈനലില്‍ നീരജിന്റെ ആദ്യ ശ്രമം തന്നെ ഫൗളായിരുന്നു. രണ്ടാം ശ്രമത്തില്‍ 82.39 മീറ്റര്‍. മൂന്നാം ശ്രമത്തില്‍ 86.37 മീറ്റര്‍ കണ്ടെത്തിയ നീരജ് നാലാം ശ്രമത്തിലാണ് വെള്ളിയിലെത്തിയ 88.13 മീറ്റര്‍ എറിഞ്ഞത്. അഞ്ചാമത്തെയും ആറാമത്തെയും ശ്രമം ഫൗളായി.
90.54 മീറ്റര്‍ എറിഞ്ഞ ഗ്രാനഡയുടെ ആന്‍ഡേഴ്സന്‍ പീറ്റേഴ്സിനാണ് സ്വര്‍ണം. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്ലെച്ച് 88.09 മീറ്ററോടെ വെങ്കലം നേടി. 2003ലെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ജു ബോബി ജോര്‍ജ് വെങ്കലം നേടിയിരുന്നു