ദേശീയം
തുണിത്തരങ്ങളും വസ്ത്രങ്ങളും കയറ്റുമതി ചെയ്യുന്നതിന് നികുതി ഇളവ് തുടരും; കാലാവധി നീട്ടി
തുണിത്തരങ്ങളും വസ്ത്രങ്ങളും കയറ്റുമതി ചെയ്യുന്നതിന് നികുതി ഇളവ് തുടരാൻ തീരുമാനം. കയറ്റുമതി വർധിപ്പിക്കാനും ടെക്‌സ്‌റ്റൈൽ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണിത്. നികുതി റിബേറ്റ് കാലാവധി 2024 മാർച്ച് 31 വരെയാണ് നീട്ടിയത്. കേന്ദ്ര ടെക്സൈറ്റൈൽ മന്ത്രാലയം വിജ്ഞാപനം ചെയ്ത നിരക്കിൽ ഇതോടെ തുണിത്തരങ്ങൾ കയറ്റുമതി ചെയ്യാനാകും.
റിബേറ്റ് ഓഫ് സ്റ്റേറ്റ് ആന്റ് സെൻട്രൽ ടാക്സസ് ആന്റ് ലെവീസ് കാലാവധിയാണ് നീട്ടിയത്. പദ്ധതി തുടരുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതോടെയാണ് തീരുമാനം. കയറ്റുമതിയും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കാൻ ഇത് സഹായകരമാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെയും ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെയും പ്രതീക്ഷ. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് ഭാവിയിൽ ഉണ്ടാകേണ്ട വളർച്ച അടിസ്ഥാനമാക്കിയുള്ള പദ്ധതിയാണ് റിബേറ്റ് ഓഫ് സ്റ്റേറ്റ് ആന്റ് സെൻട്രൽ ടാക്സസ് ആന്റ് ലെവീസ്.
അന്താരാഷ്ട്ര വിപണിയിലേക്ക് ചെലവ് കുറഞ്ഞതും മത്സരക്ഷമതയുള്ളതുമായ മെച്ചപ്പെട്ട കയറ്റുമതി സാദ്ധ്യമാക്കാൻ പദ്ധതി സഹായകമായി. പദ്ധതി, ഈ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെയും സംരംഭകരുടെയും ഇൻകുബേഷൻ പ്രോത്സാഹിപ്പിക്കുകയും വസ്ത്ര കയറ്റുമതി വ്യാപാരമേഖലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (MSM) എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തുവെന്നും കേന്ദ്ര സർക്കാർ പറയുന്നു.