ദേശീയം
അഗ്നിപഥ്: റിക്രൂട്ട്മെൻറിന് വിജ്ഞാപനമിറക്കി വ്യോമസേനയും, അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂലൈ 5
കരസേനയ്ക്ക് പിന്നാലെ അഗ്നിപഥ് റിക്രൂട്ട്മെൻറിന് വിജ്ഞാപനമിറക്കി വ്യോമസേനയും. നിയമന നടപടികൾ വെള്ളിയാഴ്ച്ച ആരംഭിക്കും. ജൂലൈ അഞ്ചാണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. അടുത്തമാസം 24 ന് ഓൺലൈൻ പരീക്ഷ നടത്തും.
അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ പ്രതിരോധ സേനകുടെ വാർത്താസമ്മേളനം ഇന്ന് വൈകിട്ട് വീണ്ടും നടക്കും. അഗ്നിപഥ് പദ്ധതിക്കുള്ള രജിസ്ട്രേഷൻ ജൂലൈയിൽ തുടങ്ങുമെന്ന് വ്യക്തമാക്കി കരസേന ഇന്നലെ വിജ്ഞാപനമിറക്കിയിരുന്നു.
പത്താം ക്ലാസ്, എട്ടാം ക്ളാസ് എന്നിവ പാസായവർക്കാണ് സേനയിൽ അഗ്നീവീറുകളായി വിവിധ തസ്തികകളിൽ അവസരം ലഭിക്കുക. ഇരുപത്തിയഞ്ച് ശതമാനം പേർക്ക് നാല് വർഷത്തെ സേവനത്തിന് ശേഷം 15 വർഷം കൂടി തുടരാൻ അവസരം ഉണ്ടാകും എന്ന് കരസേന പുറത്തിറക്കിയ 19 പേജുള്ള വിജ്ഞാപനത്തിൽ പറയുന്നുണ്ട്. എന്നാൽ അഗ്നിവീറുകൾക്ക് വിമുക്ത ഭടന്മാരുടെ പദവി, വിമുക്ത ഭടൻമാരുടെ ആരോഗ്യപദ്ധതി, ക്യാൻറീൻ സൗകര്യം എന്നിവ ഉണ്ടായിരിക്കില്ല.