ദേശീയം
ഭവന വായ്പയ്ക്ക് ചെലവേറും; എസ്ബിഐ പലിശനിരക്ക് വീണ്ടും ഉയര്‍ത്തി
രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ഭവനവായ്പയ്ക്കുള്ള കുറഞ്ഞ പലിശനിരക്കിലും മാറ്റം വരുത്തി. പണപ്പെരുപ്പം കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് മുഖ്യപലിശനിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് എസ്ബിഐയുടെ നടപടി. പലിശനിരക്കിലെ മാറ്റങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
നിലവില്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള വായ്പകളുടെ എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്ക് 7.20 ശതമാനമാണ്. ഇത് 7.40 ശതമാനമായാണ് ഉയര്‍ത്തിയത്. ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ എംസിഎല്‍ആറിനെ അടിസ്ഥാനമാക്കിയാണ്. റിപ്പോനിരക്കില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ചാണ് എംസിഎല്‍ആര്‍ നിരക്കില്‍ മാറ്റം വരുത്തുന്നത്.
ഭവനവായ്പകള്‍ക്കുള്ള കുറഞ്ഞ പലിശനിരക്ക് 7.55 ശതമാനമായാണ് ഉയര്‍ത്തിയത്. സിബില്‍ സ്കോര്‍ എണ്ണൂറോ, അതില്‍ കൂടുതലോ ഉള്ളവര്‍ക്കാണ് ഈ നിരക്കില്‍ ഭവനവായ്പ ലഭിക്കുക. 750നും 799നും ഇടയില്‍ സിബില്‍ സ്കോര്‍ ഉള്ളവര്‍ക്ക് 7.65 ശതമാനമാണ് പലിശനിരക്ക്. സിബില്‍ സ്കോര്‍ കുറയുന്നതിന് അനുസരിച്ച് പലിശനിരക്ക് കൂടും. റിപ്പോയെ അടിസ്ഥാനമാക്കിയുള്ള വായ്പാനിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. 7.15 ശതമാനമായാണ് വര്‍ധിപ്പിച്ചത്.നിലിവില്‍ ഇത് 6.65 ശതമാനമാണ്. ക്രെഡിറ്റ് റിസ്ക് പ്രീമിയം ഒഴികെയുള്ള നിരക്കാണിത്.