ദേശീയം
ലഡാക്കിലെ സൈനികരുടെ മരണം; അനുശോചിച്ച് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും
ലഡാക്കില്‍ വാഹനം നദിയിലേക്ക് മറിഞ്ഞ് സൈനികര്‍ മരിച്ച സംഭവത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രിയും. ലഡാക്കിലെ അപകടത്തില്‍ അനുശോചനമറിയിക്കുന്നു. അവരുടെ കുടുംബത്തിന്റെ ദുഖത്തിലും പങ്കുചേരുന്നു. ദുരിതബാധിതര്‍ക്ക് എല്ലാ സഹായവും ചെയ്യുമെന്നും പരുക്കേറ്റ് ചികിത്സയിലുള്ളവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും അപകടത്തില്‍ അനുശോചനമറിയിച്ചു. പരുക്കേറ്റ സൈനികര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ഇരുവരും ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും മരിച്ചവരുടെ കുടുംബത്തിന് അനുശോചനമറിയിച്ച് ട്വീറ്റ് ചെയ്തു.
ലഡാക്കില്‍ സൈനിക വാഹനം നദിയില്‍ വീണ് മലയാളി അടക്കം ഏഴ് സൈനികരാണ് മരിച്ചത്. 19 സൈനികര്‍ക്ക് പരുക്കേറ്റു. ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപം ലഡാക്കിലെ തുര്‍തുക് മേഖലയില്‍ രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം.
പര്ത്താപുരില് നിന്ന് ഹനീഫ് സബ് സെക്ടറിലേക്ക് പോകുകയായിരുന്നു 26 കരസേന സൈനികരടങ്ങിയ സംഘം. ഇവര്‍ സഞ്ചരിച്ച ബസ് റോഡില്‍ നിന്ന് തെന്നി മാറി ഷ്യോക് നദിയിലേക്ക് വീണുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഇവരില്‍ പലരുടെയും പരുക്ക് ഗുരുതരമാണെന്ന് കരസേന അറിയിച്ചു. 60 അടി താഴ്ചയില്‍ വീണത് കാരണമാണ് പലരുടെയും പരുക്ക് ഗുരുതരമായത്. പരുക്കേറ്റവരെ ഹരിയാന പഞ്ച്കുലയിലെ കരസേനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യോമ സേന വിമാനത്തില്‍ എയര്‍ ലിഫ്റ്റ് ചെയ്യുകയായിരുന്നു.