കേരളം
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് : ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ യൂണിയനുകള്‍
ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി രൂപീകരിച്ച പുതിയ കമ്പനി, കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്‍റെ ഉദ്ഘാടനം പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ബഹിഷ്കരിക്കും. കെഎസ്ആര്‍ടിയുടെ റൂട്ടും സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ബസ്സും പുതിയ കമ്പനിക്ക് കൈമാറുന്നത് അംഗീകരിക്കാനാകില്ല. നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും യൂണിയനുകള്‍ വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസമാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. എന്നാല്‍ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയ സാഹചര്യത്തില്‍ സര്‍വ്വീസ് ആരംഭിക്കുന്നത് വൈകി. കരാര്‍ ജീവനക്കാരുടെ നിയമനവും സർക്കാർ പദ്ധതി വിഹിതം ഉപയോഗിച്ച് വാങ്ങിയ 116 ബസുകളിൽ 99 ബസുകളുടെ രജിസ്ട്രേഷൻ നടപടിയും ഇതിനകം പൂർത്തിയായി. സ്വിഫ്റ്റ് സര്‍വ്വീസ് തുടങ്ങുന്നതിന് തടസ്സമില്ലെന്നും കേസിലെ അന്തിമവിധിക്ക് വിധേയമായിരിക്കും സ്ഥാപനത്തിന്‍റെ തുടര്‍നടപടിയുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വ്വീസ് ആരംഭിക്കാനൊരുങ്ങുന്നത്.
വരുന്ന തിങ്കഴാള്ച്ച കന്നി സര്‍വ്വീസ് മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ റൂട്ടും പുതിയ ബസ്സുകളും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് എന്ന കമ്പനിക്ക് കൈമാറുന്നത് ചട്ടവിരുദ്ധമാണെന്നും നിയമനടപടി തുടരുമെന്നും പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കി. ഐഎന്‍ടിയുസി ആഭിമിഖ്യത്തിലുള്ള ടിഡിഎഫും, ബിഎംഎസിന്‍റെ എംപ്ളോയീസ് സംഘുമാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റിനെതിരെ ഹൈക്കോടതിയില്‍ കേസ് നടത്തുന്നത്.