ദേശീയം
ഹിജാബ് വിലക്ക്: ഹോളി അവധിക്കു ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകൾ സുപ്രീം കോടതി ഹോളി അവധിക്കു ശേഷം പരിഗണിക്കും. കേസ് അടിയന്തരമായി പരഗിണിക്കണമെന്ന, സീനിയർ അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെയുടെ ആവശ്യം കണക്കിലെടുത്താണ് നടപടി.
പരീക്ഷ അടുത്തുവരികയാണെന്നും ഇക്കാര്യം അടിയന്തരമായി പരിഗണിക്കണമെന്നും സഞ്ജയ് ഹെഗ്ഡെ ചീഫ് ജസ്റ്റിസ് എൻവി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനു മുന്നിൽ അഭ്യർഥിച്ചു. ഒട്ടേറെ പെൺകുട്ടികൾക്ക് പരീക്ഷ എഴുതേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് കണക്കിലെടുത്ത കോടതി ഹോളി അവധിക്കു ശേഷം പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു.
ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്നു വിലയിരുത്തിയാണ് കർണാടക ഹൈക്കോടതി സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ശരിവച്ചത്. യൂണിഫോം ഉള്ള സ്ഥാപനങ്ങളിൽ അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. യൂണിഫോം ഏർപ്പെടുത്തുന്നത് മൗലികഅവകാശത്തിന്റെ ലംഘനമാണെന്നു കരുതാനാവില്ലെന്നും കോടതി പറഞ്ഞു.