ദേശീയം
കേന്ദ്ര ബജറ്റിൽ പ്രതീക്ഷയുമായി രാജ്യം
ധനമന്ത്രി നിർമല സീതാരാമന് പാര്‍ലമെന്റില്‍ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. കൊവിഡ് പ്രതിസന്ധിക്ക് ശേഷം കരകയറാന്‍ ശ്രമിക്കുന്ന സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിയമസഭ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും പൊതുവില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
അതേ സമയം ഉത്തര്‍പ്രദേശ്, പഞ്ചാബ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് വോട്ടിൽ കണ്ണും നട്ട് പല നിർദേശങ്ങളും പ്രതീക്ഷിക്കാം. എന്നാൽ സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര ബജറ്റിൽ ഇടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം. ഇന്ന് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് ഗ്രീന്‍ സിഗ്നല്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍, മറ്റ് സംസ്ഥാനങ്ങളിലെ അതിവേഗ പദ്ധതികൾ പരിഗണിക്കുമ്പോൾ കേന്ദ്രത്തിന് കെ റെയിലിനെ തഴയാനാകില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.
നികുതി വരുമാനം കുറയുമ്പോൾ കേരളത്തിന് അർഹതപ്പെട്ട കേന്ദ്ര വിഹിതം ഉറപ്പാക്കാൻ ബജറ്റിൽ എന്തുണ്ടാകും എന്നതും സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് കേരളം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. സിൽവർ ലൈനിൽ കേന്ദ്രസർക്കാരിന്റെ മനസിലെന്താണെന്ന് ഇപ്പോഴും തെളിഞ്ഞ് വന്നിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് നേരിട്ട് കത്തയച്ചതിന് ശേഷവും അതിവേഗ റെയിലിന് പച്ചക്കൊടി വീശിയിട്ടില്ല. കേന്ദ്ര ബജറ്റിൽ നിർമ്മാണചെലവിന്റെ ഒരു വിഹിതം കേന്ദ്രം നൽകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.
കൊവിഡിൽ ഇടറി വീണ കേരളത്തിന് ഇത്തവണയും കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ് സ്വപ്നം മാത്രമാകുമോ എന്നും കണ്ടറിയണം. നാണ്യവിളകൾക്ക് താങ്ങുവില ഉറപ്പാക്കൽ,ചെറുകിട വ്യവസായങ്ങൾക്ക് സഹായം,തൊഴിലുറപ്പിലും തൊഴിൽ ലഭ്യതക്കും കൂടുതൽ പ്രഖ്യാപനങ്ങൾ കേരളം പ്രതീക്ഷിക്കുന്നുണ്ട്. വരവിനെക്കാൾ ചെലവ് കൂടി റവന്യുകമ്മിയിൽ കൂപ്പുകുത്തുന്ന കേരളം കേന്ദ്ര നികുതി വിഹിതത്തിൽ അർഹമായ വിഹിതം പ്രതീക്ഷിക്കുന്നുണ്ട്.