ദേശീയം
ആദ്യ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി ഇന്ന്; പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിക്കും
പ്രഥമ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി ഇന്നു നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കുന്ന വെർച്ച്വൽ ഉച്ചകോടിയിൽ അഞ്ചു മധ്യേഷ്യൻ രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കും. കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ , കിർഗിസ് റിപ്പബ്ളിക് എന്നീ രാജ്യങ്ങളിലെ നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ സാഹചര്യം ഉച്ചകോടി ചർച്ച ചെയ്യും.റിപ്പബ്ലിക്ദിന പരേഡിന് അഞ്ചു രാജ്യങ്ങളിലെയും നേതാക്കളെ അതിഥികളായി ക്ഷണിച്ചിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തിൽ യാത്ര റദ്ദാക്കുകയായിരുന്നു. നേതൃതലത്തിൽ ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിൽ ഇത്തരത്തിൽ ഉച്ചകോടി ആദ്യമാണ്.
മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വർധിച്ചുവരുന്ന ബന്ധത്തിന്റെ പ്രതിഫലനമാണ് ഉച്ചകോടിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് നേതാക്കൾ ഉച്ചകോടിയിൽ ചർച്ച ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി 2015-ൽ എല്ലാ മധ്യേഷ്യൻ രാജ്യങ്ങളിലും സന്ദർശനം നടത്തിയിരുന്നു.