ദേശീയം
ആന്ധ്രയിലും ചണ്ഡീഗഢിലും ഒമിക്രോണ്‍; രാജ്യത്ത് ആകെ കേസ് 35 ആയി
ആന്ധ്രാപ്രദേശിലും ചണ്ഡീഗഢിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആന്ധ്രയില്‍ 34കാരനും ചണ്ഡീഗഢില്‍ 20കാരനുമാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 35ആയി. ആന്ധ്രയിലേയും ചണ്ഡീഗഢിലേയും ആദ്യ കേസുകളാണ്.
ആന്ധ്രയിലെത്തിയ 34കാരന് അയര്‍ലന്‍ഡില്‍ നിന്നും ചണ്ഡീഗഢിലെത്തിയ 20കാരന് ഇറ്റലിയില്‍ നിന്നുമാണ് വന്നത്. വിദേശത്ത് നിന്ന് ആന്ധ്രയില്‍ എത്തിയ 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ മുഴുവന്‍ സാംപിളുകളും ജിനോം സ്വീക്വീന്‍സിങിനും വേധയമാക്കി. ഇതില്‍ പത്ത് പേരുടെ ഫലമാണ് വന്നത്. ഇതിലാണ് ഒരാളുടെ ഫലം പോസിറ്റീവായത്.
ഒമിക്രോണ്‍ സ്ഥിരീകരിച്ച വ്യക്തി അയര്‍ലന്‍ഡില്‍ നിന്ന് ആദ്യം മുംബൈ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. അവിടെ വച്ച് നടത്തിയ കൊവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. ഇതോടെയാണ് ഇയാള്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി ലഭിച്ചത്. പിന്നാലെയാണ് ഇയാള്‍ വിശാഖപട്ടണത്ത് എത്തിയത്. ഇവിടെ വച്ച് നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പിന്നാലെയാണ് ഒമൈക്രോണ്‍ ബാധിച്ചതായി കണ്ടെത്തിയത്.
രണ്ട് വാക്സിനുമെടുത്ത 20കാരന് ഇറ്റലിയില്‍ നിന്നെത്തിയതിന് പിന്നാലെ ഈ മാസം ഒന്നിന് കൊവിഡ് പോസിറ്റീവായി. ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന്റെ സാംപിള്‍ ജിനോം സ്വീക്വീന്‍സിങിനും വേധയമാക്കി. പിന്നാലെയാണ് ഫലം പോസിറ്റീവായത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതര്‍ മഹാരാഷ്ട്രയിലാണ്. 17 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗികള്‍. ഡല്‍ഹി, രാജസ്ഥാന്, ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും നിലവില്‍ ഒമിക്രോണ്‍ ബാധിതരുണ്ട്.