ദേശീയം
സംയുക്ത സൈനികമേധാവി സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിയിൽ തകർന്നു വീണു, നാല് മൃതദേഹങ്ങൾ കിട്ടി
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീണു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻ്റെ പത്നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
അപകടത്തിൽ എൺപത് ശതമാനത്തോളം പൊള്ളലേറ്റ രണ്ട് പേരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. അപകടസ്ഥലത്ത് നിന്നും നാല് മൃതദേങ്ങൾ ഇതുവരെ കണ്ടെടുത്തതായി വാർത്താ ഏജൻസി അറിയിച്ചു. വ്യോമസേനയും എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത് എന്നാണ് ലഭ്യമായ വിവരം.
സുലൂർ വ്യോമകേന്ദ്രത്തിൽ നിന്നും ഊട്ടിയിലേക്കാണ് ഹെലികോപ്ടർ പോയത് എന്നാണ് സൂചന. അപകടസ്ഥലത്ത് നിന്നും കണ്ടെത്തിയ മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹെലികോപ്ടർ തകർന്നു വീഴുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നാലെ ഊട്ടി പൊലീസും സ്ഥലത്ത്. അപകടവിവരം അറിഞ്ഞതോടെ സൈനിക ഉദ്യോഗസ്ഥരും അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിൻ്റെ മേൽനോട്ടം ഏറ്റെടുത്തു.