ദേശീയം
ഇന്ത്യയുടെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം
കോവിഡിനെത്തുടർന്ന് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ മറികടക്കുന്നതിന് 96 രാജ്യങ്ങളുമായി ഇന്ത്യ ധാരണയിലെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ. ഇന്ത്യയുടെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിന് 96 രാജ്യങ്ങൾ അംഗീകാരം നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു.
96 രാജ്യങ്ങളിൽ കാനഡ, യുഎസ്, യുകെ, ഫ്രാൻസ്, ജർമനി, ബെൽജിയം, അയർലൻഡ്, നെതർലൻഡ്‌സ്, സ്‌പെയ്ൻ, ബംഗ്ലദേശ്, മാലി, ഘാന, സിയേറ ലിയോൺ, അംഗോള, നൈജീരിയ, ഹംഗറി, സെർബിയ, പോളണ്ട്, ക്രൊയേഷ്യ, ബൾഗേറിയ, തുർക്കി, ഗ്രീസ്, ഫിൻലൻഡ്, എസ്റ്റോണിയ, റൊമാനിയ, മോൾഡോവ, ചെക്ക് റിപബ്ലിക്ക്, സ്വിറ്റ്‌സർലൻഡ്, സ്വീഡൻ, ഓസ്ട്രിയ, ഐസ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളും ഉൾപ്പെടുന്നു.
കോവിഷീൽഡ് വാക്സിനും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച മറ്റു വാക്സിനുകളും എടുത്തവരുടെ സർട്ടിഫിക്കറ്റുകൾ ഈ രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിൻ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്ത കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് ഈ രാജ്യങ്ങളിലേക്ക് യാത്രചെയ്യാനാവും.
കോവിഷീൽഡ്, ഡബ്ല്യുഎച്ച്ഒ അംഗീകരിച്ചതോ ദേശീയതലത്തിൽ അംഗീകാരമുള്ളതോ ആയ മറ്റ് വാക്‌സിനുകൾ എന്നിവ മുഴുവൻ ഡോസും സ്വീകരിച്ച ഇന്ത്യക്കാർക്ക് ഇനിമുതൽ ഈ രാജ്യങ്ങളിൽ നിയന്ത്രണമുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. വിദ്യാഭ്യാസം, ബിസിനസ്, ടൂറിസം തുടങ്ങിയ ആവശ്യങ്ങൾക്കായുള്ള ഇന്ത്യക്കാരുടെ വിദേശയാത്ര എളുപ്പമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.