ദേശീയം
പെഗാസസിൽ കേന്ദ്രത്തിന് തിരിച്ചടി; ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ സുപ്രീംകോടതി മുന്‍ ജഡ്ജി ആര്‍ വി രവീന്ദ്രന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതി അന്വേഷിക്കും. കോടതിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സമിതിയില്‍ റോ മുന്‍ മേധാവി അലോക് ജോഷി, ഡോ. സന്ദീപ് ഒബ്‌റോയി എന്നിവര്‍ അംഗങ്ങളാകും. ഈ സമിതിയെ സഹായിക്കുന്നതിനായി മൂന്നംഗ സാങ്കേതിക സമിതിയെയും കോടതി പ്രഖ്യാപിച്ചു. ഇതില്‍ മലയാളിയായ ഡോ. പ്രഭാകരനും ഉള്‍പ്പെടുന്നു. ഡോ. നവീന്‍ കുമാര്‍ ( ഡീന്‍, നാഷണല്‍ ഫൊറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റി), ഡോ. പി പ്രഭാകരന്‍ ( പ്രൊഫസര്‍, സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങ്, അമൃത വിശ്വവിദ്യാപീഠം, കൊല്ലം ), ഡോ. അശ്വിന്‍ അനില്‍ ഗുമസ്‌തെ ( അസോസിയേറ്റ് പ്രൊഫസര്‍, ഐഐടി മുംബൈ) എന്നിവരാണ് ഉള്‍പ്പെടുന്നത്.
ഏഴു വിഷയങ്ങള്‍ സമിതി പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിദഗ്ധ സമിതി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കാം എന്ന ആവശ്യം സുപ്രീം കോടതി തള്ളി. കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ അന്വേഷണവുമായി കേന്ദ്രസര്‍ക്കാര്‍ സഹകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. എട്ടാഴ്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനു പുറമെ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. രാഷ്ട്രീയ വിവാദങ്ങളില്‍ ഇടപെടാന്‍ കോടതി ആഗ്രഹിക്കുന്നില്ല. ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് കോടതി ശ്രമിക്കുന്നത്. വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയിലും സ്വകാര്യത പരമപ്രധാനമാണ്. നിയന്ത്രണങ്ങള്‍ ഭരണഘടനാ പരിധിയില്‍ നിന്നുകൊണ്ടാകണം. ദേശ സുരക്ഷ പറഞ്ഞ് കേന്ദ്രസര്‍ക്കാരിന് എല്ലാത്തിലും നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോടതി പറഞ്ഞു.
ഇസ്രായേല്‍ സ്ഥാപനമായ എന്‍എസ്ഒയുടെ സ്‌പൈവെയറായ പെഗാസസ് ഉപയോഗിച്ച് പ്രമുഖ പൗരന്മാരുടെയും രാഷ്ട്രീയക്കാരുടെയും അടക്കം വിവരങ്ങള്‍ ചോര്‍ത്തിയതാണ് സംഭവം. രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍. റാം, ശശികുമാര്‍, പെഗാസസ് ചോര്‍ത്തലിന് ഇരയായ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍, എഡിറ്റേഴ്‌സ് ഗില്‍ഡ്, മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ, അഡ്വ. എം.എല്‍. ശര്‍മ തുടങ്ങിയവരാണ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. അന്വേഷണത്തിനായി വിദഗ്ധസമിതിയെ വെക്കുമെന്ന് സുപ്രീംകോടതി നേരത്തേ സൂചന നല്‍കിയിരുന്നു. രാഷ്ട്രീയ-മാധ്യമസാമൂഹിക പ്രവര്‍ത്തകര്‍ക്കു മേല്‍ ചാരവൃത്തി നടത്തിയെന്ന ആരോപണം അന്വേഷിക്കാന്‍ ടെക്‌നിക്കല്‍ കമ്മിറ്റി രൂപവത്കരിക്കാന്‍ ആലോചിക്കുന്നതായി കഴിഞ്ഞമാസം 23ന് നടന്ന വാദത്തിനിടെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
അതേസമയം സര്‍ക്കാര്‍ ഒരു പ്രത്യേക സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് പൊതുചര്‍ച്ചയ്ക്കു വെക്കാവുന്ന വിഷയമല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.പൗരന്മാരെ നിരീക്ഷിക്കാന്‍ ചട്ടം അനുവദിക്കുന്നുണ്ട്. ഏതു സോഫ്റ്റ്‌വേറാണ് ഉപയോഗിക്കുന്നതെന്ന് ഒരുരാജ്യവും വെളിപ്പെടുത്താറില്ല. പെഗാസസ് സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചോ ഇല്ലയോ എന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ സുപ്രീംകോടതിയില്‍പ്പോലും പറയാനാവില്ലെന്നും വിദഗ്ധസമിതിയെ അറിയിക്കാമെന്നുമാണ് കേന്ദ്രം നിലപാട് അറിയിച്ചത്. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് പരിശോധിക്കാവുന്നതാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.