കേരളം
ഗാഡ്ഗിൽ റിപ്പോർട്ടും പാരിസ്ഥിതിക തകർച്ചയും
പശ്ചിമഘട്ടത്തിന്റെ സംരക്ഷണമാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലം, മറ്റൊരർഥത്തിൽ,പശ്ചിമഘട്ടത്തിന്റെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും പാരിസ്ഥിതികത്തകർച്ചയുടെ പശ്ചാത്തലത്തിലാണ് ഗാഡ്ഗിൽ റിപ്പോർട്ട് രൂപപ്പെടുന്നത്. തെക്ക് കന്യാകുമാരി മുതൽ വടക്ക് തപതീ തീരംവരെ നീണ്ടുകിടക്കുന്ന പാരിസ്ഥിതിക ആവാസവ്യവസ്ഥയാണ് പശ്ചിമഘട്ടം. ഇതിൽ തെക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ആറു സംസ്ഥാനങ്ങൾ ഉൾപ്പെടുന്നു, തമിഴ്നാട്, കേരളം, കർണാടകം, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്. ഏതാണ്ട് 25 കോടി ജനങ്ങളുടെ ആവാസസ്ഥലമാണിത്. ഇതിൽ പ്രധാനപ്പെട്ട സ്ഥാനമാണ് കേരളത്തിനുള്ളത്ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും ജൈവവൈവിധ്യ കലവറയുമാണ് പശ്ചിമഘട്ടം. അറബിക്കടലിൽനിന്ന് വരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിർത്തി വർഷാവർഷം മഴ പെയ്യിക്കുന്നത് ഈ മലനിരകളാണ്. മഴ വളരെയേറെ ലഭിക്കുന്ന ഈ പ്രദേശം മെച്ചപ്പെട്ട പരിസ്ഥിതിയും ജൈവവൈവിധ്യവുമുള്ളതാണ്. ലോകത്തിലെ 35 ജൈവവൈവിധ്യസമ്പന്നമായ സ്ഥാനങ്ങളിൽ ഒന്നാണ് പശ്ചിമഘട്ടം. അതിൽത്തന്നെ, അപൂർവമായ എട്ടു സ്ഥാനങ്ങൾ തിരഞ്ഞെടുത്തതിലൊന്ന് പശ്ചിമഘട്ടമാണ്.
രൂപവത്കരണം:ഏതാണ്ട് ഒൻപത് കോടി കൊല്ലങ്ങൾക്ക് മുമ്പാണത്രെ പശ്ചിമഘട്ടത്തിന്റെ രൂപീകരണം നടന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് മെഡഗാസ്കർ ദ്വീപ് വേർതിരിഞ്ഞാണ് തുടക്കം. തുടർന്നുണ്ടായ സമ്മർദ്ദത്തിൽ നിന്ന് പശ്ചിമതീരത്തിന് സമാന്തരമായി ഉയർന്നു വന്ന മലനിരകളാണ് പശ്ചിമഘട്ടമെന്ന് വിദഗ്ദ്ധർ പറയുന്നു. ഈ മലനിരകളുടെ രൂപീകരണം ഇതിനുമെത്രയോ കോടി വർഷങ്ങൾ മുമ്പാണ് യഥാർത്ഥത്തിൽ നടന്നതെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു. മെഡഗാസ്കർ വേർതിരിഞ്ഞ് രണ്ട് കോടി വർഷങ്ങൾക്കുശേഷം ഇന്ത്യയുൾപ്പെടുന്ന ഭൂപ്രദേശം വടക്കോട്ട് നീങ്ങുന്നതിനിടെ, വൻ അഗ്നിപർവ്വതസ്ഫോടനം ഉണ്ടായതായും പറയുന്നു. തുടർന്ന് ഒരു കോടി കൊല്ലം കൂടി കഴിഞ്ഞപ്പോൾ ഇന്ത്യൻ ഖണ്ഡം ഏഷ്യൻ വൻകരയുമായി കൂട്ടിയിടിച്ചു എന്നും ശാസ്ത്രജ്ഞർ കരുതുന്നു. ഈ പ്രദേശത്ത് വളരെ വൈകി അതായത് ഏതാണ്ട് 3000 വർഷങ്ങൾക്ക് മുൻപു മാത്രമാണ് മനുഷ്യവാസം ആരംഭിച്ചതെന്ന് കണക്കാക്കുന്നു. ഭൂമിശാസ്ത്രപരമായി ഉത്തര അക്ഷാംശം 7ഡിഗ്രിക്കും 23ഡിഗ്രിക്കും ഇടയിലാണ് പശ്ചിമഘട്ടം.
ഈ മലനിരകൾ ഓരോ പ്രദേശത്തും (നിത്യഹരിത ഉഷ്ണമേഖലാവനങ്ങൾ, ചോലമഴക്കാടുകൾ എന്നിങ്ങനെ) വിവിധ സസ്യ-ജന്തു വൈവിധ്യത്തിന്റെ ആവാസകേന്ദ്രമാണ്. സസ്യങ്ങളിൽ, രാജ്യത്തെ ആകെ പുഷ്പിക്കുന്ന ചെടികളിൽ 27% അതായത് 4000ത്തോളം ഇനങ്ങൾ, 56.6% വരുന്ന (645 തരം) നിത്യഹരിതവൃക്ഷങ്ങൾ, 682 ഇനം പായലുകൾ, 280 ഇനം വർണലതകൾ എന്നിവയൊക്കെ ഇവിടെ ഉണ്ട്. ജന്തുക്കളിൽ, 350 തരം ഉറുമ്പുകൾ, 1000ത്തിൽപ്പരമെങ്കിലും പ്രാണികൾ, 320 തരം ചിത്രശലഭങ്ങൾ, 174 തരം തുമ്പികൾ, 269 തരം ഒച്ചുകൾ, 288 തരം മത്സ്യങ്ങൾ, 500 ലേറെ പക്ഷിയിനങ്ങൾ, 120 തരം സസ്തനികൾ എന്നിവയേയും കാണുന്നു. ഇവയിൽ സിംഹവാലൻ കുരങ്ങടക്കം പലതും വംശനാശഭീഷണി നേരിടുന്നവയായതിനാൽ എന്തു വിലകൊടുത്തും സംരക്ഷിക്കേണ്ടവയാണ്.
പശ്ചിമഘട്ടവനം 29 വിഭാഗത്തിൽപ്പെട്ട ആദിവാസികളുടെയും മറ്റു പലതരം വനവാസികളുടെയും വാസസ്ഥലമാണ്. പലതരം കുടിയേറ്റക്കാരും ഈ ഭൂപ്രദേശത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. കേരളാതിർത്തിയിൽ മാത്രം 44 നദികൾ ഈ ജലകൊടുമുടിയിൽനിന്ന് ഉദ്ഭവിക്കുന്നു. അതേസമയം ഇന്ത്യയിലെത്തന്നെ പ്രധാന നദികളായ കൃഷ്ണ, ഗോദാവരി, കാവേരി, നേത്രാവതി, വൈഗ എന്നിങ്ങനെ വേറെയും. ചുരുക്കത്തിൽ ദക്ഷിണേന്ത്യയുടെ അന്തരീക്ഷ താപനില, ആർദ്രത, വർഷപാതം, കാലാവസ്ഥ എന്നിവയൊക്കെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് പശ്ചിമഘട്ടമാണ്. പലതരം ധാതുപദാർഥങ്ങളും പ്രകൃതിവിഭവങ്ങളും ഇവിടെ ലഭ്യമാണ്. അതുകൊണ്ടുതന്നെ ഈ മലനിരകൾ അതിർത്തിയായി വരുന്ന ആറു സംസ്ഥാനങ്ങൾക്കും മലനിരകളിലെ അഞ്ചു കോടിയോളം വരുന്ന ജനങ്ങളടക്കം ഒട്ടേറെ ജീവജാലങ്ങൾക്കും കൃത്യമായ ആവാസവ്യവസ്ഥ തന്നെയാണ് പശ്ചിമഘട്ടം. കേരളത്തിലാണെങ്കിൽ 28,000 ത്തിലധികം ച.കി.മീ. ഭൂമിയെയും (ആകെ ഭൂപ്രദേശത്തിന്റെ ഏതാണ്ട് 75%) മൂന്നു കോടിയോളം ജനങ്ങളുടെയും ജീവിതത്തെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്ന ആവാസവ്യവസ്ഥയാണ് പശ്ചിമഘട്ടം.
ഇതിനു പുറമേ വിവിധങ്ങളായ കാരണങ്ങളാൽ പശ്ചിമഘട്ടം ഏറെ ലോലമായ പരിസ്ഥിതിപ്രദേശമാമെന്നും, ജീവശാസ്ത്രപരമായ കാരണങ്ങളാൽ എന്തു വിലകൊടുത്തും സംരക്ഷിക്കേണ്ടതാണെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ശാസ്ത്രലോകം ചൂണ്ടിക്കാണിക്കുന്ന പ്രത്യേകതകളിൽ പ്രധാനപ്പെട്ടവ ഇതൊക്കെയാണ്.
(1)പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന ചില സസ്യ, ജന്തു വിഭാഗങ്ങളുണ്ട്.
(2)ഇതിൽ ചില ജീവികൾ വംശനാശം നേരിടുന്നവയാണ്.
(3)ഇക്കൂട്ടത്തിൽ വളരെ അപൂർവമായ ജീവികളുണ്ട്.
(4)പശ്ചിമഘട്ടപ്രദേശം ഇന്ത്യയിൽ മാത്രം കാണുന്ന നിരവധി ഇനം സസ്യജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ്.
(5)വന്യജീവികളുടെ ഇടനാഴിയാണ്.(6)പ്രത്യേക ആവാസവ്യവസ്ഥയാണ്.
(7)ധാരാളം ശുദ്ധജല ചതുപ്പുകൾ നിലവിലുണ്ട്.
(8)അപൂർവമായി കാണുന്ന ചതുപ്പുവനങ്ങൾ ഉള്ള പ്രദേശമാണ്.
(9)പ്രത്യേക പ്രജനനസ്ഥലമാണ്.
(10)ധാരാളം തണ്ണീർത്തടങ്ങൾ ഉള്ള പ്രദേശവുമാണ്.
ഈ പ്രാധാന്യമെല്ലാം ചൂണ്ടിക്കാണിക്കുമ്പോഴും പലതരം ഭീഷണികളെ നേരിടുന്ന ഒരു പ്രദേശമായാണ് ശാസ്ത്രലോകം ഇന്ന് പശ്ചിമഘട്ടത്തെ കാണുന്നത്. അതിലൊന്ന് ജൈവവൈവിധ്യത്തിന്ന് നേരെയുള്ളതാണ്. 1920-1990 കാലയളവിൽ മാത്രം ഈ പ്രദേശത്തെ 40 ശതമാനത്തോളം വനസമ്പത്ത് നാശോന്മുഖമായതായി പഠനങ്ങൾ കാണിക്കുന്നു. മറ്റൊന്ന്, വികസനപ്രവർത്തനങ്ങളുടെ പേരിൽ നടക്കുന്ന കൈയേറ്റങ്ങളാണ്. ഖനനം, വ്യവസായം, വൈദ്യുതനിലയങ്ങൾ, ടൂറിസം എന്നിവയുടെയൊക്കെ പേരിൽ നടന്നുവരുന്ന അതിരുവിട്ട കൈയേറ്റങ്ങൾ പശ്ചിമഘട്ടത്തെ പൊതുവിൽ ദുർബലപ്പെടുത്തിക്കൊണ്ടിരിക്കയാണ്. നവ ലിബറൽ പരിഷ്കാരങ്ങളുടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ ഈ കടന്നാക്രമണങ്ങളെല്ലാം വൻതോതിൽ കരുത്താർജിച്ചിരിക്കയുമാണ്. സഹ്യന്റെ ഈ പരിസ്ഥിതിത്തകർച്ച ഇന്ന് കേരളത്തിലെ ജനജീവിതത്തിൽ ദുരന്തങ്ങളായി പെയ്തുതുടങ്ങിയിരിക്കുന്നു.
വർഷത്തിൽ 3000 മി.ലിലിറ്ററിലധികം മഴ കിട്ടിയിട്ടും കേരളം പലപ്പോഴും വരൾച്ചബാധിത സംസ്ഥാനമായി മാറുന്നു! പശ്ചിമഘട്ടം നേരിടുന്ന പരിസ്ഥിതിത്തകർച്ചയുടെ ഭാഗമാണിത്. നീരൊഴുക്കില്ലാതെ നദികൾ പലതും ദുർബലപ്പെട്ടിരിക്കുന്നു. മാത്രമല്ല, മാലിന്യങ്ങൾ നിറഞ്ഞ് ഇവ അഴുക്കു ചാലുകളായിത്തീർന്നിരിക്കുന്നു. കാലാവസ്ഥാവ്യതിയാനവും മറ്റും മൂലമുണ്ടാകുന്ന മഴയിലെ മാറ്റങ്ങൾ ജീവിതവൃത്തികളെ തടസ്സപ്പെടുത്തുകയാണ്. ചുരുക്കത്തിൽ, ജൈവസമ്പത്തിന്റെ ശോഷണം തടയൽ, ജലസമ്പത്ത് നിലനിർത്തൽ, സുസ്ഥിരവികസനം ഉറപ്പാക്കൽ, ആദിവാസികളുടെയും വനവാസികളുടെയും അവകാശം സംരക്ഷിക്കൽ, പരിസ്ഥിതി ദുർബല മേഖലകളെ നിലനിർത്തൽ ഇവയൊക്കെ നടക്കണമെങ്കിൽ പശ്ചിമഘട്ടം എന്ന ആവാസവ്യവസ്ഥയെ മൊത്തത്തിൽ സംരക്ഷിക്കണം. അതിനെതിരേ നടക്കുന്ന ഏതൊരു കൈയേറ്റശ്രമത്തെയും പ്രതിരോധിക്കാനും കഴിയണം. അതേസമയം, ഭൂമി, ഭൂവിഭവങ്ങൾ, വനം, പരിസ്ഥിതി എന്നിവയൊക്ക സംരക്ഷിക്കാൻ, ഒട്ടേറെ നിയമങ്ങൾ നമ്മുടെ നാട്ടിൽ ഇതിനകംതന്നെ ഉണ്ടായിട്ടുമുണ്ട്. അവയുടെയൊക്കെ പഴുതുകളിലൂടെ നിയമങ്ങളെ മറികടന്നുകൊണ്ട് തത്പരകക്ഷികൾ നടത്തുന്ന വിഭവചൂഷണവും കൂടിക്കൊണ്ടിരിക്കയാണ്. ഈ പശ്ചാത്തലത്തിലാണ്, പശ്ചിമഘട്ട സംരക്ഷണത്തിനായി കുറെക്കൂടി ശാസ്ത്രീയവും സമഗ്രവുമായ നിർദേശങ്ങൾ ലഭ്യമാക്കാനുള്ള പുതിയ അന്വേഷണങ്ങൾ വേണമെന്ന തിരിച്ചറിവ് ശക്തിപ്പെടുന്നത്.
കേരളത്തിലാണെങ്കിൽ കാലാവസ്ഥയിലും പരിസ്ഥിതിയിലും മാത്രമല്ല, അതിന്റെ ഭാഗമായി മനുഷ്യജീവിതത്തിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ പ്രധാനമാണ്. കേരളം മുഴുക്കെ (2012-ൽ) ഒരു വരൾച്ചബാധിതപ്രദേശമായി പ്രഖ്യാപിക്കേണ്ടിവന്നിരിക്കുന്നു. മഴക്കാലത്തൊഴികെ, കുടിവെള്ളം കേരളത്തിൽ പ്രധാനപ്രശ്നമായി മാറിയിരിക്കുന്നു. കാർഷികമേഖലയുടെ തകർച്ചയാണ് മറ്റൊരു കാര്യം. സംസ്ഥാനവരുമാനത്തിന്റെ പത്തിലൊന്നിൽ താഴെ മാത്രമാണ്, കൃഷിയും അനുബന്ധ പരിപാടികളിൽനിന്നും ഇപ്പോൾ ലഭിക്കുന്നത്. എന്നാൽ, ഏതാണ്ട് മൂന്നിലൊന്ന് ജനങ്ങൾ പ്രാഥമികമേഖലയെ ജീവിക്കാനായി ആശ്രയിക്കുന്നു. വർധിച്ച വനനശീകരണം, നെൽപ്പാടങ്ങൾ തൂർത്ത് റിയൽ എസ്റ്റേറ്റാക്കി മാറ്റൽ, കണ്ടൽനാശം, കുന്നിടിക്കൽ, പാറ പൊട്ടിക്കൽ, മണൽവാരൽ, അശാസ്ത്രീയമായ ഖനനം എന്നിവയൊക്കെ കേരളത്തെ പൊതുവിലും ഉൽപ്പാദനമേഖലകളെ പ്രത്യേകിച്ചും ഇന്നൊരു നാശത്തിന്റെ വക്കിലെത്തിച്ചിരിക്കയാണ്. ഇതോടൊപ്പം മഴക്കുറവിൽ, വരൾച്ചയിൽ, കാലാവസ്ഥയിൽ, കൃഷിയിൽ, ജനജീവിതത്തിൽ എല്ലാം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വിധത്തിലുള്ള മാറ്റങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നു. ഇത് കൂടാതെയാണ് അവശേഷിക്കുന്ന ജലസ്രോതസ്സുകളും ആവാസപ്രദേശങ്ങളും വ്യാപകമായി മലിനീകരിക്കപ്പെടുന്നത്. അമിതമായ കീടനാശിനിപ്രയോഗം, രാസവസ്തു ഉപയോഗം, അശാസ്ത്രീയ കൃഷിരീതികൾ, തെറ്റായ വിള ചേരുവ, കുന്നിൻചരിവിലെ ഹ്രസ്വകാലകൃഷി എന്നിവയൊക്കെ ചെറുതും വലുതുമായ ജീവിതപ്രശ്നങ്ങൾക്കിടയാക്കിയിരിക്കയാണ്.ഈ പ്രശ്നങ്ങൾക്ക് അടിയന്തരപരിഹാരം കാണുന്നതിനുള്ള കൂട്ടായ ശ്രമത്തിൽനിന്നുകൂടിയാണ് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി (WGEEP)ക്ക് രൂപംകൊടുത്തത്. അതിന്റെ ചെയർമാൻ പ്രശസ്ത പരിസ്ഥിതിശാസ്ത്രജ്ഞനായ പ്രൊഫ. മാധവ് ഗാഡ്ഗിൽ ആണ്. അങ്ങനെയാണ് ഈ സമിതി ഗാഡ്ഗിൽ കമ്മിറ്റിയായി അറിയപ്പെടുന്നത്. പ്രൊഫ. ഗാഡ്ഗിൽ അടക്കം 14 അംഗങ്ങളാണ് സമിതിയിൽ ഉണ്ടായിരുന്നത് (ചെയർമാൻ + എട്ട് അനൗദ്യോഗിക അംഗങ്ങൾ + അഞ്ച് ഉദ്യോഗസ്ഥ അംഗങ്ങൾ എന്നിങ്ങനെ). 2010 മാർച്ച് നാലിനാണ് സമിതി ചുമതലയേറ്റത്.
താഴെ പറയുന്ന കാര്യങ്ങളായിരുന്നു ഗാഡ്ഗിൽ കമ്മിറ്റിയോട് പരിശോധിക്കാനായി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടത്.1.പശ്ചിമഘട്ടമേഖലയുടെ ഇന്നത്തെ പാരിസ്ഥിതിക സ്ഥിതി വിലയിരുത്തുക.2.പശ്ചിമഘട്ടപ്രദേശത്തുള്ള പരിസ്ഥിതിലോല പ്രദേശങ്ങളെ വേർതിരിക്കുക- ഇത് 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരമായിരിക്കണം.3.പശ്ചിമഘട്ടപ്രദേശത്തിന്റെ സംരക്ഷണം, പരിരക്ഷ, പുനരുജ്ജീവനം എന്നിവ സംബന്ധിച്ച് പ്രാദേശിക പങ്കാളിത്തത്തോടെ നടപ്പാക്കാവുന്ന കാര്യങ്ങൾ നിർദേശിക്കുക4.1986 ലെ നിയമത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമഘട്ടപ്രദേശത്തെ സവിശേഷ സ്ഥലങ്ങൾ കണ്ടെത്തി അവയെ പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിക്കാനുള്ള യുക്തമായ നടപടികൾ നിർദേശിക്കുക.5.1986 ലെ നിയമമനുസരിച്ച് ഒരു പശ്ചിമഘട്ട പരിസ്ഥിതി അഥോറിറ്റി രൂപീകരിക്കാനുള്ള നടപടിക്രമങ്ങൾ ചൂണ്ടിക്കാണിക്കുക. ഈ പ്രദേശത്തെ ആവാസവ്യവസ്ഥയെ പരിരക്ഷിക്കാനും, സുസ്ഥിരവികസനം ഉറപ്പുവരുത്താനുമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.6.കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം സൂചിപ്പിക്കുന്നതുൾപ്പെടെ പശ്ചിമഘട്ടത്തെ സംബന്ധിച്ച മറ്റ് പാരിസ്ഥിതികകാര്യങ്ങൾ കൈകാര്യം ചെയ്യുക.7.കേന്ദ്രമന്ത്രാലയം പിന്നീട് ആവശ്യപ്പെട്ടതനുസരിച്ച് ഇനി പറയുന്ന കാര്യങ്ങൾകൂടി കമ്മിറ്റിയുടെ പരിഗണനയ്ക്കായി വരികയുണ്ടായി.
എ. മഹാരാഷ്ട്രയിലെ രത്നഗിരി, സിന്ധുദുർഗ് ജില്ലകളിലെ ഖനനം, ഊർജോത്പാദനം, വ്യവസായമലിനീകരണം എന്നിവ സംബന്ധിക്കുന്ന ഒരു വികസന മാർഗരേഖ നിർദേശിക്കുക. ബി.കർണാടകത്തിലെ ഗുണ്ടിയ ജലവൈദ്യുത പദ്ധതിയെ വിലയിരുത്തി റിപ്പോർട്ടുകൾ സമർപ്പിക്കുക. സി.കേരളത്തിൽ, അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കുക. ഡി. ഗോവയിൽ ഖനനത്തിനായി പുതിയ ലൈസൻസുകൾ നൽകുന്നതിനെപ്പറ്റി അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.ഗാഡ്ഗിൽ കമ്മിറ്റി അതിന്റെ പശ്ചിമഘട്ട പഠനത്തിനും റിപ്പോർട്ട് തയ്യാറാക്കുന്നതിനും വിവിധങ്ങളായ പ്രവർത്തനങ്ങളാണ് കൈക്കൊണ്ടത്. കമ്മിറ്റിയുടെ കൂടിയിരിപ്പ് (14), വിദഗ്ധ പ്രബന്ധങ്ങൾ തയ്യാറാക്കലും സമാഹരണവും (42), വിഷയബന്ധിത ചർച്ചകൾ (7), സർക്കാർ ഏജൻസികളുമായി ചർച്ചകൾ (8), ജനകീയ ചർച്ചകൾ(4), ഫീൽഡ് സന്ദർശനം (4), എം.പിമാരുടെ യോഗം (1), വിദഗ്ധസമിതിയോഗം (1) എന്നിങ്ങനെ വിവരലഭ്യതയ്ക്കായും അഭിപ്രായരൂപീകരണത്തിനായും വിവിധ നടപടികൾ കമ്മിറ്റി കൈക്കൊള്ളുകയുണ്ടായി. വേണ്ടപ്പെട്ട രേഖകളുടെ ദൗർലഭ്യം, ലഭ്യമായ വിവരങ്ങളുടെതന്നെ പരിമിതികൾ എന്നിങ്ങനെ ഒട്ടേറെ പ്രയാസങ്ങൾ അഭിമുഖീകരിച്ചുകൊണ്ടാണ് പ്രവർത്തിക്കാൻ കഴിഞ്ഞതെന്ന് റിപ്പോർട്ടിന്റെ ആമുഖത്തിൽത്തന്നെ പറയുന്നുണ്ട് (പേജ് 5-8). എങ്കിലും പശ്ചിമഘട്ടപ്രദേശത്തിന്റെ കൃത്യമായ അതിർത്തിനിർണയം, അതിന്റെ നടപ്പ് അവസ്ഥയെപ്പറ്റിയുള്ള വ്യക്തമായ തീരുമാനങ്ങൾ (പേജ് 8-13) എന്നിങ്ങനെ ശക്തമായ അടിത്തറ രൂപപ്പെടുത്തിയാണ് ഗാഡ്ഗിൽ കമ്മിറ്റി മറ്റ് വിശകലനങ്ങളിലേക്കു കടന്നത്.
പശ്ചിമഘട്ടപ്രദേശത്തെ പ്രധാനപ്പെട്ട മൂന്നു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രത്യേകതകൾ റിപ്പോർട്ട് എടുത്തുപറയുന്നുണ്ട് (പേജ്-11). അവ ശബരിമല, മാധവേശ്വരമല (കർണാടക), മഹാബലേശ്വർ (മഹാരാഷ്ട്ര) എന്നിവയാണ്. (ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കിയാൽ ശബരിമല തകരും എന്നൊക്കെ കേരള അസംബ്ലിയിൽ പ്രചരണമുണ്ടല്ലോ). ഊട്ടി, തേക്കടി, നീലഗിരി എന്നീ വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളെപ്പറ്റിയും എടുത്തുപറയുന്നുണ്ട്. പശ്ചിമഘട്ടപ്രദേശത്തുള്ള സംസ്ഥാനങ്ങളിൽ ശക്തിപ്പെടുന്ന പഞ്ചായത്തീരാജ് ഭരണസംവിധാനത്തെപ്പറ്റിയും (പ്രത്യേകിച്ചും കേരളം, മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലാ എന്നിവയെപ്പറ്റി) പ്രത്യേകം സൂചിപ്പിക്കുന്നുണ്ട് (പേജ്-13).
2. പൊതുസമീപനംരണ്ടു ഭാഗങ്ങളാണ് ഗാഡ്ഗിൽ റിപ്പോർട്ടിനുള്ളത്. ഒന്നാമത്തെ ഭാഗം നിർദേശങ്ങളുടെ പൊതു അവതരണവും രണ്ടാമത്തെ ഭാഗം അവയുടെ വിശദീകരണങ്ങളുമാണ്. പശ്ചിമഘട്ടപ്രദേശത്തെ പൊതുവിലും കേരളത്തെ പ്രത്യേകിച്ചും ബന്ധപ്പെടുത്തി പരിശോധിക്കുമ്പോൾ ഗാഡ്ഗിൽ റിപ്പോർട്ടിന്റെ നിർദേശങ്ങളെ പ്രധാനമായും ഏഴു ഭാഗങ്ങളായി കാണാവുന്നതാണ്.1)പശ്ചിമഘട്ടിന്റെ പൊതു പാരിസ്ഥിതിക അവസ്ഥ.2)പശ്ചിമഘട്ടപ്രദേശത്തിന്റെ അതിർത്തിനിർണയം.3)പശ്ചിമഘട്ടപ്രദേശത്തെ മൊത്തത്തിൽ പരിസ്ഥിതിലോല മേഖലയായി കണക്കാക്കൽ.4)പ്രത്യേക പരിസ്ഥിതിലോല മേഖലകളാക്കി തരംതിരിക്കൽ.5)വിവിധ മേഖലകളിൽ, വിവിധ രംഗങ്ങളിൽ ജനങ്ങൾ എങ്ങനെ ഇടപെടണമെന്നുള്ള നിർദേശങ്ങൾ.6)പശ്ചിമഘട്ട പാരിസ്ഥിതിക അഥോറിറ്റിയുടെ രൂപീകരണം.7)പ്രത്യേക പരാമർശവിഷയങ്ങൾ-കേരളത്തിലാണെങ്കിൽ അതിരപ്പള്ളി പദ്ധതി-എന്നിങ്ങനെ,ഇവയൊക്കെ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ മറ്റൊരിടത്ത് പരിശോധിക്കുന്നതിനാൽ അവ ഇവിടെ വിശദീകരിക്കുന്നില്ല. അതിനാൽ, ഇക്കാര്യങ്ങൾ സംബന്ധിച്ച കമ്മിറ്റിയുടെ പൊതുനിർദേശങ്ങൾ മാത്രം സൂചിപ്പിക്കുകയാണ്.(എ) മൊത്തം പശ്ചിമഘട്ടപ്രദേശത്തെ പരിസ്ഥിതിലോലപ്രദേശമായി കണക്കാക്കുക.
(ബി) ഈ പ്രദേശത്തെ ജൈവ, ഭൗതിക, പാരിസ്ഥിതിക ഘടകങ്ങൾ കണക്കിലെടുത്തുകൊണ്ട്, അവിടുത്തെ പാരിസ്ഥിതിക ലോലത കണക്കാക്കി മൊത്തം പ്രദേശത്തെ മൂന്നുതരം പരിസ്ഥിതിലോല മേഖല (Ecologically Sensitiv–e ZoneESZ) കളായി തരംതിരിക്കുന്നു. അവ ESZ1, ESZ2, ESZ3 എന്നിങ്ങനെ അറിയപ്പെടുന്നു. (ഇപ്പോൾത്തന്നെ സംരക്ഷിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങൾക്ക് പുറമേയാണിത്.)
(സി) ഈ മൂന്നു വ്യത്യസ്ത പാരിസ്ഥിതികപ്രദേശങ്ങളിൽ മനുഷ്യരുടെ ഇടയിൽ വഴിനടക്കുന്ന പ്രവർത്തനങ്ങളെ ‘ചെയ്യാവുന്നത്’, ‘പാടില്ലാത്തത്’ എന്ന രീതിയിൽ തരംതിരിച്ചിരിക്കുന്നു. ഇവയിൽ ഭൂവിനിയോഗം, കൃഷി, മൃഗപരിപാലനം, വനസംരക്ഷണം, മത്സ്യബന്ധനം, മണൽവാരൽ, പാറപൊട്ടിക്കൽ, ടൂറിസം, ജലം, ഊർജപ്രൊജക്ടുകൾ, പശ്ചാത്തലവികസനം, റോഡുകൾ, റെയിൽവേ എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്. ഇങ്ങനെ നിർദേശിക്കുമ്പോൾ സുസ്ഥിരവികസനം, മണ്ണ്- ജല-വന, ജൈവവൈവിധ്യ സംരക്ഷണം എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിഗണിച്ചത്.
(ഡി) പശ്ചിമഘട്ട പാരിസ്ഥിതിക അഥോറിറ്റി (WGEA)യുടെ രൂപീകരണം, അതിന്റെ സംസ്ഥാന ജില്ലാതല രൂപങ്ങൾ.
(ഇ) കേരളത്തെ സംബന്ധിച്ച പ്രത്യേക കാര്യമെന്ന നിലയിൽ ഇരുപത്തിനാലോളം പാരിസ്ഥിതികഘടകങ്ങൾ പരിശോധിച്ചുകൊണ്ട് അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് അംഗീകാരം നൽകേണ്ടതില്ലെന്ന ശിപാർശ.എടുത്തുപറയേണ്ട കാര്യം ഇവയെല്ലാം നിർദേശങ്ങൾ മാത്രമാണെന്നതാണ്. അതും ഒരു വിദഗ്ധസമിതിയുടെ സർക്കാറിലേക്കുള്ള പഠനറിപ്പോർട്ടിന്റെ ഭാഗങ്ങൾ മാത്രമാണ്. ഈ റിപ്പോർട്ട് കേന്ദ്രസർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നു മാത്രമല്ല, അത് എങ്ങനെ നടപ്പാക്കണമെന്ന് നിർദേശിക്കാൻ മറ്റൊരു കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണെന്നും നാം ഇതിനകം മനസ്സിലാക്കിയതാണ്. ആ കമ്മിറ്റിയാകട്ടെ, പശ്ചിമഘട്ടപ്രദേശത്തെപ്പറ്റി തികച്ചും വ്യത്യസ്തമായൊരു റിപ്പോർട്ടും നിർദേശങ്ങളും നൽകിയിരിക്കുകയാണെന്നും കണ്ടല്ലോ. ഇനി, ഇരു റിപ്പോർട്ടുകളും പഠിച്ച് ഉപദേശം നൽകാനായി, കേന്ദ്ര സർക്കാർ മൂന്നാമതൊരു കമ്മിറ്റിയെ നിയോഗിക്കാനും സാധ്യത ഇല്ലാതില്ല. എന്നാൽ, അതിനൊന്നും കാത്തുനിൽക്കാതെ റിപ്പോർട്ടിലെ നിർദേശങ്ങൾ ഏതാണ്ട് നടപ്പാക്കിക്കഴിഞ്ഞു എന്ന മട്ടിലാണ് കേരളത്തിൽ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും നടക്കുന്നത്.ഗാഡ്ഗിൽ കമ്മിറ്റി ആദ്യം ചെയ്തത് പശ്ചിമഘട്ടത്തിന്റെ അതിർത്തിനിർണയമാണ്. ഇതിനു മുഖ്യമായും ആധാരമാക്കുന്നത് ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ ഭൂപടമാണ് (ഇതിന്റെ വിശദാംശങ്ങൾ അടുത്ത ഭാഗത്ത് നല്കുന്നുണ്ട്.). സമിതി രണ്ടാമത് ചെയ്തത് പശ്ചിമഘട്ടത്തിന്റെ ഇന്നത്തെ പാരിസ്ഥിതിക അവസ്ഥയുടെ വിശദമായ വിലയിരുത്തലാണ്. 25 കോടി ജനങ്ങളു ടെ ജീവജലസ്രോതസ്സ്, ആഗോളപ്രധാനമായ ജൈവ കലവറ, പ്രാദേശിക സമ്പദ്ഘടനയെ നിർണായകമായി സ്വാധീനിക്കുന്ന പരിസ്ഥിതിവ്യവസ്ഥ എന്നീ നിലകളിലെല്ലാം പശ്ചിമഘട്ടം അതീവ പ്രധാനമാണെന്ന് സമിതി വിലയിരുത്തി. കൃഷിയും ഖനനവും മണലൂറ്റലും പാറ പൊട്ടിക്കലുമെല്ലാം പശ്ചിമഘട്ടത്തിന്റെ ഭൂവിനിയോഗത്തിൽ ഗണ്യമായ മാറ്റംവരുത്തിയിട്ടുണ്ട്. ഈ ‘വികസന’ വഴികൾ പ്രകൃതിസമ്പത്തിന് വലിയ നാശംവരുത്തി. അത് ജനജീവിതത്തിൽ വിവിധ പ്രതിസന്ധികൾക്കിടയാക്കുകയാണ്.വികസനവും പരിസ്ഥിതിപരിപാലനവും മനുഷ്യരെ ഒഴിവാക്കിക്കൊണ്ട് പ്രത്യേകം പ്രത്യേകമാണ് നടക്കുന്നതെന്ന് നിരീക്ഷിച്ച കമ്മിറ്റി ജനപങ്കാളിത്തത്തിന്റെ പ്രാധാന്യം അടിവരയിടുന്നുണ്ട്. പശ്ചിമഘട്ടത്തെ കയറിക്കൂടാത്തത്, കയറിയിറങ്ങുന്നത് എന്നിങ്ങനെ യാന്ത്രികമായി രണ്ടു കളങ്ങളാക്കി തിരിക്കുകയല്ല കമ്മിറ്റി ചെയ്തത്. പകരം, പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ നടത്താവുന്ന സംരക്ഷണം, വികസനപ്രവർത്തനങ്ങൾ മുന്നോട്ടു വെക്കുകയാണ്. അതിനാൽ സാമൂഹ്യ-സാമ്പത്തിക-ഘടകങ്ങൾ പരിഗണിച്ചുകൊണ്ടുള്ള പങ്കാളിത്ത-വികസന-പരിപാലന മാതൃക (Adaptiv–e co management)യ്ക്കാണ് കമ്മിറ്റി ഊന്നൽ നല്കുന്നത്. ഇത്തരം വിചിന്തനങ്ങളുടെ അടിസ്ഥാനത്തിൽ പശ്ചിമഘട്ട മേഖലയാകെ പരിസ്ഥിതിലോലപ്രദേശ (Ecologically Sensitiv–e Area) മാണെന്ന് വിലയിരുത്തുകയാണ് കമ്മിറ്റി ചെയ്തത്. ഈ രീതിയിൽ പരിസ്ഥിതിലോലാവസ്ഥ നിർണയിക്കുന്നതിന് കേന്ദ്രസർക്കാർ നേരത്തേ (2000ൽ) നിയോഗിച്ചിരുന്ന പ്രണോബ്സെൻ സമിതിയുടെ മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് ഗാഡ്ഗിൽ സമിതി പശ്ചിമഘട്ടത്തെയാകെ പരിസ്ഥിതിലോലപ്രദേശമായി കണക്കാക്കിയത്.
3. രീതിശാസ്ത്രം:ഗാഡ്ഗിൽ റിപ്പോർട്ടിനെ ശ്രദ്ധേയമാക്കുന്ന പ്രധാന കാര്യം പരിസ്ഥിതിലോല പ്രദേശങ്ങളുടെ നിർണയമാണ്. വളരെ ജനാധിപത്യപരമായാണ് കമ്മിറ്റി ഇക്കാര്യം നിറവേറ്റിയത് എന്ന് റിപ്പോർട്ടിലൂടെ കണ്ണോടിച്ചാൽ മനസ്സിലാകും. പശ്ചിമഘട്ടംപോലെ പല രീതിയിൽ കെട്ടുപിണഞ്ഞ ഒരു പരിസ്ഥിതി ആവാസവ്യവസ്ഥയെ, പരിസ്ഥിതി ലോലതയുടെ തരംതിരിക്കുക എന്നത് വളരെ പ്രയാസമുള്ളൊരു കാര്യമാണ്. ഇതിനു സഹായകമായ ഒരു രീതിശാസ്ത്രം കുറ്റമറ്റ രീതിയിൽ ലഭ്യമല്ല എന്നതുതന്നെയായിരുന്നു പ്രധാന പ്രശ്നം. വേണ്ടത്ര അനുഭവങ്ങൾ ഇല്ലാതിരുന്നതിനാൽ ദീർഘനാളത്തെ വിദഗ്ധ ചർച്ചകൾക്കുശേഷം ഒരു മാതൃക രൂപപ്പെടുത്തുകയായിരുന്നു ചെയ്തത്. അതുതന്നെ വിപുലമായ ചർച്ചകൾക്കും അഭിപ്രായരൂപീകരണത്തിന്നുമായി 2011 ജനവരിയിലെ ‘Current Science’ എന്ന മാസികയിൽ (ഈ രീതിശാസ്ത്രത്തെ) ഒരു ലേഖനമായി പ്രസിദ്ധീകരിച്ചിരുന്നു. (Mapping Ecologically Significant and Sensitive Areas of Western Ghats: Proposed Protocol and Methedology by Madhav Gadgil et.എന്നതായിരുന്നു പേര്. പ്രബന്ധം ഉപസംഹരിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: ‘We are aware that, the protocol and methodology provided here for mapping ESAs cannot be final and may not be directly adaptable without furthor discussions. However, it is our hope that responses from a wide sections of experts and the consequent discussions help significantly towards developing a more generic methedology on which there could be more consensus. In the mean while, however WGEEP has been compiling the data sets required for the purpose for mapping the ESAs along Western Ghats using these steps. Any constructive suggestions during the process would be highly appreciated.’ (Report-Part I, Page-104)ഈ അഭ്യർഥന പക്വതയാർന്ന അറിവിന്റെ ലക്ഷണമാണ്. വർധിച്ച ജനപങ്കാളിത്തത്തോടെയും ചർച്ചയിലുടെയും ഇതിനെക്കാൾ മെച്ചപ്പെട്ട മറ്റൊരു രീതീശാസ്ത്രം ഉണ്ടായിവരണം എന്ന ആഗ്രഹമാണ് ഈ ഖണ്ഡികയിൽ നിഴലിച്ചു നിൽക്കുന്നത്. രണ്ടുമൂന്ന് ഘട്ടങ്ങളായുള്ള വിശകലനങ്ങളിലൂടെയും അപഗ്രഥനങ്ങളിലൂടെയുമാണ്.’ ഈ രീതിശാസ്ത്രം ഉപയോഗിച്ച് പശ്ചിമഘട്ടപ്രദശത്തെ പരിസ്ഥിതിലോല മേഖലകളായി വേർതിരിച്ചത്.ഒരു ബഹുതല സൂചിക (composite index) തയ്യാറാക്കലായിരുന്നു ആദ്യപടി. ഇതിനായി ആറു ഘടകങ്ങളാണ് ഉപയോഗിച്ചത്. അവ-അതാതു പ്രദേശത്തിന്റെ ജീവശാസ്ത്രപരമായ സവിശേഷത, ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം, ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ പ്രത്യേകത, പ്രകൃതിദുരന്തസാധ്യത, പ്രദേശവാസികളുടെ വിലയിരുത്തൽ, നദികളുടെ ഉദ്ഭവസ്ഥാനം എന്നിവയോടൊപ്പം ദേശീയ ഉദ്യാനം, വന്യജീവി സംരക്ഷണകേന്ദ്രം തുടങ്ങിയവയോടുള്ള സാമീപ്യം എന്നിവയായിരുന്നു. ഇതനുസരിച്ച് ഓരോ ഘടകത്തിനും പ്രത്യേകമായ സ്കോർ (Weightage) നൽകി. സ്കോറിന്റെ ഏറ്റക്കുറച്ചിലിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതിലോലപ്രദേശത്തിന്റെ തീവ്രത കണക്കാക്കി.ഇതിനായി രണ്ടാമതു ചെയ്തത് പശ്ചിമഘട്ടപ്രദേശത്തെ മൊത്തം 9ഃ9 കിലോമീറ്റർ വരുന്ന (അഥവാ 8100 ഹെക്ടർ) വിസ്തീർണമുള്ള ചതുരങ്ങളായി വേർതിരിക്കുകയായിരുന്നു. അത്തരം 2200 ചതുരങ്ങളാക്കി ഈ പ്രദേശത്തെ വിഭജിച്ചു. മുകളിൽ പറഞ്ഞ സ്കോറുകളുടെ സാന്നിധ്യം ഓരോ ചതുരത്തിലും എത്രമാത്രം ഭവിക്കുന്നു എന്ന് നോക്കുന്നു. ആ സ്കോറുകളുടെ ശരാശരി കണക്കാക്കുന്നു. ശരാശരി സ്കോർ മൂന്നിൽ കുറവാണെങ്കിൽ ആ പ്രദേശത്തെ ESZ3 ആയിട്ടാണ് കണക്കാക്കിയത്. 3-5 സ്കോർ, ESZ2 എന്നും അതിൽ കൂടുതലാണെങ്കിൽ ESZ1 ഉം ആയി കണക്കാക്കി. ഇതിനകം ലഭ്യമായ വിവിധ സ്രോതസ്സുകളിൽനിന്നാണ് ഇതു സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ ശേഖരിച്ചത്. ഇതനുസരിച്ച് കേരളത്തിൽ ESZ1-ൽ 15 ഉം ESZ2ൽ രണ്ടും ESZ-3ൽ 8 താലൂക്കുകളും ഉള്ളതായാണ് കണക്കാക്കിയിരിക്കുന്നത്.കേരളത്തിലെ മൊത്തം 63 താലൂക്കുകളിൽ 25 താലൂക്കുകൾ ആണ് അവയുടെ വിസ്തീർണത്തിന്റെ 50 ശതമാനത്തിലധികം ഈ രീതിയിൽ ESZ-കളിൽ വരുന്നതായി തരംതിരിച്ചിരിക്കുന്നത്. 18 താലൂക്കുകളിൽ 50 ശതമാനത്തിൽ താഴെ പ്രദേശങ്ങളിൽ ചിലയിടത്ത് ESZ1, ESZ2 പ്രദേശങ്ങൾ ഉണ്ട്. ബാക്കി താലൂക്കുകൾ ഒന്നും ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പരിധിയിൽ വരുന്നില്ല. ഇപ്പോൾ ഉൾപ്പെടുത്തിയതിൽത്തന്നെ, ഇനിയും ചർച്ചയാവാമെന്നും ഈ ചർച്ച താഴെ ഗ്രാമസഭകൾ വരെ നടത്തണമെന്നും ആത്യന്തികമായി ഏതൊക്കെ പ്രദേശങ്ങൾ വിവിധ ESZകളിൽ വരണമെന്നതിൽ ജനങ്ങൾ തീരുമാനമെടുക്കണമെന്നുമാണ് കമ്മിറ്റി നിർദേശിച്ചിരിക്കുന്നത്. ഈ ചർച്ചകളിൽ ഇനിയും രൂപീകരിക്കാനിരിക്കുന്ന വിവിധ തലങ്ങളിലുള്ള പശ്ചിമഘട്ട പരിസ്ഥിതി അഥോറിറ്റി പ്രതിനിധികൾകൂടി പങ്കാളിയാവുകയും വേണം.ഇവിടെ ഒരു കാര്യംകൂടി വ്യക്തമാക്കേണ്ടതുണ്ട്. പരിസ്ഥിതിലോല പ്രദേശങ്ങളായി തരംതിരിച്ച താലൂക്കുകളുടെ മുഴുവൻ ഭാഗവും പരിസ്ഥിതിലോലമാകണമെന്നില്ല. പ്രസ്തുത താലൂക്കിന്റെ ഏതെങ്കിലുമൊരു കോണിൽ മാത്രമായിരിക്കാം മേൽപ്പറഞ്ഞ സൂചികകളുടെ സാന്നിധ്യം. ഈ സ്ഥലം ഏതെങ്കിലും ഒരു പഞ്ചായത്തിലോ വാർഡിലോ ആയിരിക്കാം. ഇതാകട്ടെ, ഒരു ചരിത്രസ്മാരകം ഉള്ളതുകൊണ്ടോ, പ്രകൃതിദുരന്തസാധ്യത അതായത് ഉരുൾപൊട്ടാനും
മറ്റും ഉള്ള സാധ്യതകൊണ്ടോ ഉൾപ്പെട്ടതായിരിക്കാം. ഉദാ- കോഴിക്കോട് ജില്ലയിലെ പഴയ കോഴിക്കോട് താലൂക്ക് ESZ കണക്കിൽ വന്നിട്ടുണ്ടെങ്കിൽ അതൊരുപക്ഷേ, തിരുവമ്പാടിയിലെ ഉരുൾപൊട്ടൽ പ്രദേശം ആ താലൂക്കിന്റെ ഭാഗമായതുകൊണ്ടാവാം. എന്നാൽ ഉരുൾപൊട്ടൽ പ്രദേശത്തിന്റെ ESZ-ൽ വരുന്ന ഭാഗം ചർച്ചകളിലൂടെയാണ് തീരുമാനിക്കേണ്ടത്. അതിന് ജനങ്ങളും (ഗ്രാമസഭ), വിദഗ്ധരും (അഥോറിറ്റി) തമ്മിലുള്ള ചർച്ചകളാണ് നടക്കേണ്ടത്.ഇത് കാണിക്കുന്നത്, പശ്ചിമഘട്ടത്തെ പൊതുവിൽ ഒരു പാരിസ്ഥിതിക ലോലപ്രദേശമായാണ് ഗാഡ്ഗിൽ കമ്മിറ്റി കാണുന്നതെങ്കിലും അവിടുത്തെ ലോലതയുടെ അടിസ്ഥാനത്തിൽ എല്ലാ പ്രദേശങ്ങളെയും കമ്മിറ്റി ഒരേപോലെയല്ല പരിഗണിക്കുന്നത്. ജൈവസവിശേഷതകൾ, ഉയരം, ചരിവ്, കാലാവസ്ഥ, അപകടസാധ്യത, ചരിത്രപ്രാധാന്യം എന്നിവയെല്ലാം കണക്കിലെടുത്ത് ഇന്നിന്ന പ്രദേശങ്ങൾ ലോലമാകാം എന്നതാണ് നിഗമനം. ഇത് ശാസ്ത്രീയമായൊരു നിലപാട് തന്നെയാണ്. അല്ലാതെ ആർക്കും എവിടെയും എന്തും ചെയ്യാം എന്നതിൽനിന്ന് വ്യത്യസ്തമായി- ഭൂവിനിയോഗത്തിൽ ഒരു സാമൂഹ്യനിയന്ത്രണം ഏർപ്പെടുത്തുകയെന്ന കേരളത്തിന്റെയും മറ്റും അനിവാര്യമായ ആവശ്യമാണ്, ഒരർഥത്തിൽ ഗാഡ്ഗിൽ കമ്മിറ്റി നിർവഹിക്കുന്നത്. അവിടങ്ങളിൽനിന്ന്, തദ്ദേശവാസികളെ ഇറക്കിവിടണമെന്നോ, പട്ടയംകൊടുക്കാൻ പാടില്ലെന്നോ, കൃഷി നിർത്തിക്കണമെന്നോ, കന്നുകാലികളെ വളർത്താൻ പറ്റില്ലെന്നോ, രണ്ടു കന്നുകാലികൾ മാത്രമേ പാടുള്ളൂ എന്നോ ഒന്നും ഗാഡ്ഗിൽ കമ്മിറ്റി എവിടെയും പറഞ്ഞിട്ടില്ല.