ദേശീയം
ഇന്ത്യയിലെത്തുന്ന യുകെ പൗരന്മാര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയ നിര്‍ദേശം പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍
ഇന്ത്യയിലെത്തുന്ന യുകെ പൗരന്മാര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയ നിര്‍ദേശം പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്‍ഡ്യക്കാര്‍ക്ക് ഏര്‍പെടുത്തിയ നിയന്ത്രണം യുകെ പിന്‍വലിച്ചതിന് പിന്നാലെയാണ് നടപടി. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.
ഇംഗ്ലണ്ടില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കും നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പെടുത്തി ഈ മാസം ഒന്നിനാണ് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ രേഖ പുറപ്പെടുവിച്ചത്. ഇത് പിന്‍വലിച്ചതോടെ യാത്രക്കാര്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ഉണ്ടായിരുന്ന പഴയ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മതിയാകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനാണ് ഇന്‍ഡ്യ ഏര്‍പെടുത്തിയിരുന്നത്. ഇന്‍ഡ്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്റൈനും നെഗറ്റീവ് കോവിഡ് 19 പരിശോധനയും യു കെ നിര്‍ബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുകെയില്‍ നിന്ന് ഇന്‍ഡ്യയിലേക്കുള്ള എല്ലാ യാത്രക്കാരും നെഗറ്റീവ് ആര്‍ടിപിസിആര്‍ റിപോര്‍ട്ട് കൈവശം വയ്ക്കുകയും ഇന്‍ഡ്യയില്‍ എത്തിയതിന് ശേഷം 10 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയുകയും വേണമെന്നും ഇന്‍ഡ്യ തീരുമാനിച്ചിരുന്നത്. ഇതോടെ യുകെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയായിരുന്നു.