ദേശീയം
വിമാന സര്‍വീസ് സാധാരണ നിലയിലേക്ക്; ആഭ്യന്തര യാത്രയില്‍ നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര വിമാന യാത്രയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഒക്ടോബര്‍ 18 മുതല്‍ പഴയതു പോലെ ആഭ്യന്തര വിമാന സര്‍വീസ് നടത്താന്‍ വിമാന കമ്പനികളെ സര്‍ക്കാര്‍ അനുവദിച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാനത്തില്‍ യാത്രക്കാരെ കയറ്റുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അടുത്തിടെ കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് അനുവദിച്ച് വരികയായിരുന്നു.
ഇപ്പോള്‍ കോവിഡിന് മുന്‍പുള്ള സ്ഥിതി പുനഃസ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.
മൂന്നാഴ്ച മുന്‍പ് കോവിഡിന് മുന്‍പുള്ള ശേഷിയുടെ 85 ശതമാനവുമായി സര്‍വീസ് നടത്താന്‍ വിമാന കമ്പനികളെ അനുവദിച്ചിരുന്നു. 72 ശതമാനത്തില്‍ നിന്നാണ് 85 ശതമാനമാക്കി ഉയര്‍ത്തിയത്.
കഴിഞ്ഞവര്‍ഷം മെയ് 25നാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടുമാസം നിര്‍ത്തിവെച്ച ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. തുടക്കത്തില്‍ ശേഷിയുടെ 33 ശതമാനം യാത്രക്കാരുമായി സര്‍വീസ് നടത്താനാണ് അനുമതി നല്‍കിയിരുന്നത്.