കേരളം
സാമ്പത്തിക പ്രതിസന്ധി; പ്ലസ് വൺ പ്രവേശനത്തിന് ഇത്തവണ പുതിയ ബാച്ച് വേണ്ടെന്ന് സർക്കാർ
![Students e1609221760105](https://citizenkerala.com/wp-content/uploads/2020/12/Students-e1609221760105.jpg)
പ്ലസ് വണ്ണിന് ഇത്തവണ പുതിയ ബാച്ച് അനുവദിക്കേണ്ടെന്ന് സർക്കാർ. ഇക്കൊല്ലവും പൂർണ്ണതോതിൽ അധ്യയനം നടക്കാൻ സാധ്യത കുറവായതിനാൽ പുതിയ ബാച്ച് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. അതേസമയം ഓൺലൈൻ ക്ലാസുകൾ ഉള്ളതിനാൽ ഒരു കുട്ടിക്ക് പോലും പഠനം നഷ്ടമാകില്ലെന്നും സർക്കാർ പറയുന്നു.
പതിവ് പോലെ സീറ്റ് കൂട്ടൽ മാത്രമാണ് ഇക്കുറിയും നടന്നത്. പക്ഷെ ഇതുകൊണ്ടുമാത്രം ഇഷ്ടവിഷയം പഠിക്കണമെന്ന് വിദ്യാർത്ഥികളുടെ ആഗ്രഹം നടക്കുമെന്ന് ഉറപ്പാക്കാനാകില്ല. ട്രെയൽ അലോട്മെൻറ് പൂർത്തിയപ്പോൾ ഫുൾ എ പ്ലസ് കുട്ടികൾ പോലും ഇഷ്ടവിഷയം കിട്ടാതെ നിരാശയിലാണ്. ഇതിനുപിന്നാലെയാണ് പുതിയ ബാച്ചുകൾ വേണമെന്ന ആവശ്യം ശക്തമായത്.
പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യപട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. വ്യാഴാഴ്ച മുതൽ ഒക്ടോബർ ഒന്നുവരെയാണ് പ്രവേശനം. ഹയർ സെക്കന്ററി ഡയറക്ടേററ്റിന്റെ വെബ്സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിക്കുക. പട്ടികയിൽ ഇടംപിടിക്കുന്ന വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാക്കൾക്കൊപ്പം സ്കൂളിലെത്തുകയും പ്രവേശനടപടികൾ പൂർത്തിയാക്കുകയും വേണം.