ദേശീയം
രണ്ടര വയസ്സുകാരന് അമ്മയുടെ ക്രൂരമർദ്ദനം
തമിഴ്നാട് ദിണ്ഡിവനത്തിനടുത്ത് സെഞ്ചിയിൽ രണ്ടരവയസ്സുകാരന് അമ്മയുടെ ക്രൂരമർദനം. സെഞ്ചി സ്വദേശിയായ തുളസിയാണ് കുഞ്ഞിനെ അതിക്രൂരമായി മർദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും സാമൂഹിക മാധ്യമങ്ങളിലൂടെ ലൈവായി പുറത്തുവിടുകയും ചെയ്തു. സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
കുഞ്ഞിനെ കട്ടിലിൽ കിടത്തി മുഖത്ത് നിരന്തരം ഇടിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ഇതേത്തുടർന്ന് കുഞ്ഞിന്റെ വായിൽനിന്ന് രക്തമൊഴുകുന്നതും ദൃശ്യങ്ങളിൽ കാണാം. മറ്റൊരു ദൃശ്യത്തിൽ കുഞ്ഞിന്റെ കാലിൽ അടിക്കുന്ന രംഗങ്ങളാണുള്ളത്.
കുഞ്ഞിനെ മർദിക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട യുവതിയുടെ ഭർത്താവാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്നാണ് കുഞ്ഞിനെ മർദിച്ചതെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. ഭർത്താവിനോടുള്ള ദേഷ്യം തീർക്കാനായിരുന്നു മർദനമെന്നും യുവതി പോലീസിനോട് പറഞ്ഞിട്ടുണ്ട്.