ദേശീയം
പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതിൽ നിയമതടസമില്ലെന്ന് കേന്ദ്രം
രാജ്യസുരക്ഷക്കായി പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതിൽ നിയമതടസമില്ലെന്ന് കേന്ദ്രം സുപ്രീകോടതിയിൽ. രാജ്യസുരക്ഷ കണക്കിലെടുത്ത് എല്ലാ വിവരങ്ങളും വെളിപ്പെടുത്താനാകില്ലെന്നും ദേശിയ സുരക്ഷയ്ക്കും ഭീകരവാദത്തെ നേരിടാനും ചില നിരീക്ഷണങ്ങൾ വേണമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. രാജ്യസുരക്ഷ, പ്രതിരോധ വിഷയങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കേന്ദ്രസർക്കാർ പെഗാസസ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് ആരെയും നിരീക്ഷിച്ചിട്ടില്ലെന്നും, ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട എല്ലാ വശവും വിദഗ്ധ സമിതി പരിശോധിക്കുമെന്നും കേന്ദ്രം നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
പെഗാസസ് വിഷയത്തിൽ ഒന്നും ഒളിക്കാനില്ലെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ വെക്കുമെന്നും കേന്ദ്രം സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. പെഗാസസിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഊഹാപോഹങ്ങളുടെയും തോന്നലുകളുടെയും അടിസ്ഥാനത്തിലുള്ളതാണെന്നും രണ്ട് പേജ് മാത്രമുള്ള സത്യവാങ്മൂലത്തിൽ സർക്കാർ അറിയിച്ചു. എന്നാൽ, വിശദമായ സത്യവാങ്മൂലം നൽകാത്തതെന്തുകൊണ്ടാണെന്ന് ചോദിച്ച സുപ്രീംകോടതി, ഇക്കാര്യത്തിൽ ചൊവ്വാഴ്ച നിലപാടറിയിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ചയും വാദം തുടരും.
സർക്കാർ ഫോൺചോർത്തലിനുള്ള സോഫ്റ്റ്വേറായ പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് മാത്രം പറഞ്ഞാൽ മതിയെന്ന് മാധ്യമപ്രവർത്തകരായ എൻ. റാം, ശശികുമാർ എന്നിവർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. ഉപയോഗിച്ചിട്ടില്ലെന്ന് പറഞ്ഞാൽ ഹർജി പിൻവലിക്കുമോയെന്ന് കേന്ദ്രത്തിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചോദിച്ചു.
സർക്കാർ ഫയൽ ചെയ്ത മറുപടിയിൽ പെഗാസസ് ഉപയോഗിച്ചോ എന്ന് പറയുന്നില്ലെന്ന് സിബൽ ചൂണ്ടിക്കാട്ടി.
വിശദ സത്യവാങ്മൂലം നൽകാൻ സർക്കാരിനെ നിർബന്ധിക്കാനാകുമോയെന്നും അവരതിന് തയ്യാറായില്ലെങ്കിൽ എന്ത് ചെയ്യുമെന്നും സിബലിനോട് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. അങ്ങനെയെങ്കിൽ ആരോപണം സർക്കാർ നിഷേധിക്കുന്നില്ലെന്നാണ് അർഥമെന്നും അതോടെ വിഷയം കൂടുതൽ ഗുരുതരമാകുമെന്നും സിബൽ വ്യക്തമാക്കി.
വിദഗ്ധ സമിതിയെ വെക്കുമെന്ന കേന്ദ്രവാദം സിബൽ തള്ളി. കേന്ദ്രസർക്കാർ പെഗാസസ് ഉപയോഗിച്ചിരിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അവർ നിയോഗിക്കുന്ന സമിതിയെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.സമിതിയിൽ സർക്കാർ ഉദ്യോഗസ്ഥരായിരിക്കില്ലെന്നും സ്വതന്ത്രവും പക്ഷപാതരഹിതവുമായ വിദഗ്ധരാണുണ്ടാവുകയെന്നും തുഷാർ മേത്ത പറഞ്ഞു. എൻ. റാം, ശശികുമാർ എന്നിവർക്ക് പുറമേ രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്, പെഗാസസ് ചോർത്തലിന് ഇരയായ അഞ്ച് മാധ്യമപ്രവർത്തകർ, എഡിറ്റേഴ്സ് ഗിൽഡ്, മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹ, അഡ്വ. എം.എൽ. ശർമ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.