ദേശീയം
ഇന്ത്യൻ മഹാസമുദ്രത്തിൽ ചുഴലിക്കാറ്റുകളുടെ തീവ്രത വർധിക്കുന്നു; ആശങ്കയായി പുതിയ പഠനം
ആഗോളതാപനത്തിന്റെ ഫലമായി ഇന്ത്യൻ മഹാസമുദ്രത്തിൽ ചുഴലിക്കാറ്റുകളുടെ തീവ്രത വൻതോതിൽ വർധിക്കുന്നുവെന്ന് ഐഐടി ഖരക്പുരിലെ മലയാളി ഗവേഷകരുടെ പഠനം. 1979 മുതൽ 2019 വരെയുള്ള ചുഴലിക്കാറ്റുകളാണ് പഠനവിധേയമാക്കിയത്.
ആഗോളതാപനം മൂലം സമുദ്ര താപനിലയിലുണ്ടാകുന്ന വ്യത്യാസം, നീരാവിയുടെ അളവ് ഉൾപ്പെടെയുള്ള ഘടകങ്ങൾ ചുഴലിക്കാറ്റുകളെ അതി തീവ്രമാക്കുന്നുവെന്നാണ് കോലഞ്ചേരി സ്വദേശിയായ ജിയ ആൽബർട്ട്, പെരുമ്പാവൂർ സ്വദേശി ആതിര കൃഷ്ണൻ, തിരുവനന്തപുരം സ്വദേശി പ്രസാദ് കെ. ഭാസ്കരൻ എന്നിവരുടെ പഠനം.
സമുദ്രനിരപ്പിൽ ചൂട് വർധിച്ചതുമൂലം 1979 മുതൽ 2020 വരെയുള്ള കാലയളവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നീരാവിയുടെ തോത് 1.93 മടങ്ങ് വർധിച്ചു. നീരാവിയും ചൂടും ചുഴലിക്കാറ്റുകൾക്ക് അനുകൂലഘടകമാണ്. വർഷങ്ങൾക്ക് മുൻപ് ദിവസങ്ങളെടുത്താണ് ഒരു തീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറുന്നതെങ്കിൽ ഇപ്പോൾ ഈർപ്പത്തിന്റെ അളവു മൂലം കുറച്ചുസമയത്തിനുള്ളിൽ തന്നെ ചുഴലിക്കാറ്റ് അതിതീവ്രമാകുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
സമുദ്രനിരപ്പിലെ ചൂട് തന്നെയാണ് നീരാവിയുടെ അളവിൽ വലിയ വർധനയുണ്ടാക്കിയത്. പസിഫിക് സമുദ്രോപരിതലത്തെ അസാധാരണമാംവിധം തണുപ്പിക്കുന്ന ലാ നിന പ്രതിഭാസവും ചുഴലിക്കാറ്റുകളെ തീവ്രമാക്കുമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.