ദേശീയം
കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിട്ടവര്‍ തിരികെ വരുന്നു; ഡി.കെയുടെ റിവേഴ്‌സ് ഓപ്പറേഷന്‍ വിജയം
കര്‍ണാടകയില്‍ പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്‍െ്‌റ നേതൃത്വത്തില്‍ നടത്തുന്ന റിവേഴ്‌സ് ഓപ്പറേഷന്‍ വിജയമെന്ന് സൂചന. പല കാലങ്ങളിലായി കോണ്‍ഗ്രസ് വിട്ടുപോയ നേതാക്കളെ തിരികെ കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണ് റിവേഴ്‌സ് ഓപ്പറേഷന്‍. പദ്ധതി നടപ്പാക്കുന്നതിനായി പന്ത്രണ്ടംഗ സമിതിയേയും ശിവകുമാര്‍ നിയമിച്ചിരുന്നു. കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ അല്ലും വീരഭദ്രപ്പക്കാണ് സമിതിയുടെ ചുമതല.
സമിതിയുടെ പ്രവര്‍ത്തനം തുടങ്ങി അധികം വൈകാതെ തന്നെ 15 പഴയകാല നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി വരാന്‍ സന്നദ്ധത അറിയിച്ചതായി പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു സംസ്ഥാന തലം മുതല്‍ ബുത്ത് തലം വരെ പ്രവര്‍ത്തിച്ചിരുന്ന പഴയ നേതാക്കളെ എല്ലാവരെയും നേരില്‍ കാണാനാണ് ശിവകുമാറും സമിതിയും നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള ചിലര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസ് വിട്ട പല നേതാക്കളും തിരിച്ചുവരാനൊരുങ്ങുകയാണ്. അവര്‍ എന്നെ വന്ന് കണ്ടു. ഉന്നതാധികാര സമിതി ഇവരുടെ പേരുകള്‍ ശ്രദ്ധാപൂര്‍വം പരിശോധിക്കും. തുടര്‍ന്ന് ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് കൂട്ടായ തീരുമാനം എടുക്കുമെന്നും ഡി.കെ പറഞ്ഞിരുന്നു.