Covid 19
കോവിഷീല്‍ഡ് വാക്സിന് 17 യൂറാപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം; വാക്സിന് സ്വീകരിച്ചവർക്ക് പ്രവേശനാനുമതി
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്സിന് 17 യൂറാപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം. യൂറാപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ 17 ഇടത്ത് അംഗീകാരം ലഭിച്ചുവെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഓസ്ട്രിയ, ഫ്രാന്‍സ്, ബെല്‍ജിയം, ബള്‍ഗേറിയ, ഫിന്‍ലന്റ്, ജര്‍മനി, ഗ്രീസ് തുടങ്ങി 17 രാജ്യങ്ങളാണ് കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയിരിക്കുന്നത്. കോവിഷീല്‍ഡ് വാക്സിന് രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ഈ രാജ്യങ്ങളിലേക്ക് ഇനി പ്രവേശനാനുമതി ലഭ്യമാകും.
‘യൂറോപ്യന്‍ യൂണിയനിലെ 27 അംഗങ്ങളില്‍ 17 രാജ്യങ്ങള്‍ ഇതിനകം കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ അപേക്ഷ നല്കിയിട്ടല്ല ഈ രാജ്യങ്ങളൊന്നും വാക്സിന് അനുമതി നല്‍കിയിരിക്കുന്നത്. കോവിഷീല്‍ഡ് വാക്സിന് നിലവാരമുള്ളതാണെന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ളതിനാല്‍ യൂറോപ്പും യുഎസും മറ്റെല്ലാ രാജ്യങ്ങളും ഇത് അംഗീകരിക്കേണ്ടതുണ്ട്’, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല പറഞ്ഞു.
കോവിഷീല്‍ഡിന്റെ അംഗീകാരത്തിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്ന് യൂറാപ്യന്‍ മെഡിസിന്‍സ് ഏജന്‍സി നേരത്തെ വ്യക്തമാക്കിയിരുന്നു. ഫൈസര്‍, മോഡേണ, അസ്ട്രാസെനെക്ക, ജോണ്സണ് ആന്‍ഡ് ജോണ്സന് വാക്സിനുകളാണ് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്.
കോവിഷീൽഡ് ലഭിച്ച യാത്രക്കാരെ സ്വീകരിക്കുമെന്ന് പതിനാറ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും സ്വിറ്റ്സർലൻഡും സ്ഥിരീകരിച്ചു. ഓസ്ട്രിയ, ഫ്രാൻസ്, ബെൽജിയം, ബൾഗേറിയ, ഫിൻലാൻഡ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ്ലാന്റ്, അയർലൻഡ്, ലാറ്റ്വിയ, മാൾട്ട, നെതർലാൻഡ്സ്, സ്ലൊവേനിയ, സ്പെയിൻ, സ്വീഡൻ എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.