ദേശീയം
മൂന്നാം തരംഗം അടുത്ത മാസം തന്നെ ; പ്രതിദിനം ഒരുലക്ഷം കേസുകള്‍ വരെ ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്
കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗം ഇന്ത്യയില്‍ അടുത്ത മാസം തന്നെ ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ധര്‍. ഓഗസ്റ്റ് അവസാനത്തോടെ രാജ്യത്ത് മൂന്നാം തരംഗം ഉണ്ടായേക്കുമെന്നാണ് ഐസിഎംആറിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ സമീരന്‍ പാണ്ഡെ വ്യക്തമാക്കിയത്.
മൂന്നാം തരംഗത്തില്‍ പ്രതിദിനം ഒരുലക്ഷം കേസുകള്‍ വരെ ഉണ്ടായേക്കും. നിലവിലെ സാഹചര്യത്തില്‍ വൈറസിന് വകഭേദം സംഭവിച്ചില്ലെങ്കില്‍, രാജ്യത്തെ സ്ഥിതിഗതികള്‍ ഒന്നാം തരംഗത്തിന് സമാനമായിരിക്കും. എന്നാല്‍ വൈറസിന് വീണ്ടും വകഭേദം സംഭവിച്ചാല്‍ സ്ഥിതി ഏറെ വഷളായേക്കുമെന്നും പ്രൊഫസര്‍ സമീരന്‍ പാണ്ഡെ പറഞ്ഞു.
വാക്‌സിനേഷനിലെ മെല്ലെപ്പോക്കും, നിയന്ത്രണങ്ങളിലെ ഇളവും കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിന്റെ വേഗം കൂട്ടിയേക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ലോകം കോവിഡ് വ്യാപനത്തിന്റെ മൂന്നാംതരംഗത്തിന്‍രെ പ്രാരംഭ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രയേസൂസ് അഭിപ്രായപ്പെട്ടിരുന്നു. അതേസമയം രാജ്യത്ത് മൂന്നാം തരംഗം ആരംഭിച്ചതായി കണക്കുകള്‍ ഉദ്ധരിച്ച് ഒരുവിഭാഗം ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിട്ടുണ്ട്.