ദേശീയം
വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി 10,000 രൂപ നൽകുന്നു; വ്യാജ വാർത്ത
ഒന്നാം കോവിഡ് തരംഗത്തിനിടെ വന്ന അതേ തട്ടിപ്പ് വീണ്ടും ഇറങ്ങുന്നതായി റിപ്പോർട്ട്. ‘വിദ്യാര്‍ഥികള്‍ക്ക് പ്രധാനമന്ത്രി 10,000 രൂപ നല്‍കുന്നു’. അക്ഷയ കേന്ദ്രങ്ങളിലേക്കും ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളിലേക്കും അച്ഛനമ്മമാര്‍ ഒഴുകുകയാണ്. തട്ടിപ്പാണെന്നു പറഞ്ഞ് അക്ഷയക്കാര്‍ അടുപ്പിക്കാതിരിക്കുമ്പോള്‍, വിശ്വാസം വരാതെ വ്യാജ സേവനകേന്ദ്രങ്ങളെ സമീപിക്കുകയാണിവര്‍. എറണാകുളം ജില്ലയിലാണ് വലിയതോതില്‍ പ്രചാരം നടക്കുന്നതും ആളുകള്‍ പറ്റിക്കപ്പെടുന്നതും. അക്ഷയ അധികൃതര്‍ മറുപടിപറഞ്ഞു മടുത്തു. ആദ്യം കാര്യമറിയാതെ അക്ഷയക്കാർ അമ്പരന്നെങ്കിലും പിന്നീടാണ് കാര്യം മനസിലായത്.
കൊവിഡ് ഒന്നാം തരംഗത്തിന്റെ കാലത്ത് ഇറക്കിയതുപോലുള്ള ഒരു സൂപ്പർ തട്ടിപ്പാണ് ഇതും. അപേക്ഷ നൽകാൻ എത്തിയവരെ കാര്യം പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും പലർക്കും വിശ്വാസം പോര. അക്ഷയക്കാർ വെറുതേ പറയുകയാണെന്നാണ് അവർക്ക് സംശയം. അതാേടെ സമീപത്തെ സ്വകാര്യ ഓൺലൈൻ കേന്ദ്രത്തിലേക്ക് അപേക്ഷ നൽകാൻ എത്തി. അപേക്ഷനൽകുന്നതിന് പണമീടാക്കാമെന്നതിനാൽ സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങൾ എല്ലാവർക്കും സഹായം ചെയ്തുകൊടുക്കുകയാണ്.
‘കൊവിഡ്-19 സപ്പോര്‍ട്ടിംഗ് പദ്ധതിപ്രകാരം ഒന്നു മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന ഓരോ കുട്ടിക്കും 10,000 രൂപ പ്രധാനമന്ത്രി ധനസഹായം നല്‍കും’ എന്നാണ് പ്രചരിക്കുന്ന സന്ദേശം. ഇത് വ്യാജമാണെന്ന് അറിയാതെ ചില അദ്ധ്യാപകർ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചതോടെയാണ് പ്രശ്നം ഗുരുതരമായത്. മറ്റുചിലരും ഇത് പ്രചരിപ്പിച്ചു. തട്ടിപ്പ് സംഘത്തിലുള്ളവരും ഇക്കൂട്ടത്തിലുണ്ട്. എറണാകുളം ജില്ലയിലാണ് സന്ദേശം കൂടുതൽ പ്രചരിക്കുന്നത്. അപേക്ഷയും രേഖകളും രജിസ്ട്രേഷന്‍ ഫീസും പോകുന്നത് ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലേക്കാണെന്ന് വ്യക്തമായിട്ടുണ്ട്. ബാങ്ക്, ആധാർ വിവരങ്ങൾ നൽകുന്നതിനാൽ ബാങ്കുതട്ടിപ്പുപോലുള്ള വലിയ തട്ടിപ്പുകൾക്ക് അപേക്ഷ നൽകിയവർ ഇരയായേക്കാം എന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.
‘അഞ്ചാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള സി ബി എസ് ഇ വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാന്‍ 4,000 രൂപ കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു’ എന്ന മറ്റൊരു സന്ദേശവും കൂടി വാട്സാപ്പില്‍ പറക്കുന്നുണ്ട്, ഇതും വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ ‘ഫാക്ട് ചെക്ക്’ വിഭാഗംതന്നെ വ്യക്തമാക്കുന്നുണ്ട്. ഇത്തരം വ്യാജസന്ദേശങ്ങൾക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർ ജില്ലാ ഐടി മിഷനെ സമീപിച്ചിട്ടുണ്ട്.
പ്രചാരണം ഇങ്ങനെ
‘പ്രിയപ്പെട്ട കുടുംബാംഗങ്ങളെ
COVID-19 സപ്പോർട്ടിങ് പ്രോഗ്രാം എന്ന പദ്ധതി പ്രകാരം ഒന്ന് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികൾക്ക് ആൾ ഒന്നിന് Rs 10,000/- (പതിനായിരം രൂപ) വീതം പ്രധാനമന്ത്രിയുടെ ധനസഹായം
ലഭിക്കുന്നു. അപേക്ഷിച്ചവർക്ക് തുക കിട്ടിത്തുടങ്ങി. ഇനിയും ആരെങ്കിലും അപേക്ഷിക്കാനുണ്ടെങ്കിൽ.
1. വരുമാനസർട്ടിഫിക്കേറ്റ്
2. റേഷൻകാർഡിന്‍റെ കോപ്പി
3. ബാങ്ക് പാസ്സ് ബുക്ക്
4. ആധാർ കാർഡ്
എന്നീ രേഖകളുമായി അക്ഷയ കേന്ദ്രത്തിൽ പോയി എത്രയും പെട്ടന്ന് അപേക്ഷിക്കുക.
പദ്ധതിയുടെ പേര് :-
COVID 19 സപ്പോർട്ടിങ് പ്രോഗ്രാം.
അവസാന തിയതി ജൂൺ 30.
നന്ദി’
വസ്‌തുത: എന്നാല്‍ ഇത്തരമൊരു പദ്ധതിയും അക്ഷയ വഴി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ല എന്നതാണ് വസ്‌തുത. ‘COVID-19 സപ്പോർട്ടിങ് പ്രോഗ്രാം’ എന്ന പദ്ധതിയെ കുറിച്ച് ഗൂഗിള്‍ സെര്‍ച്ചില്‍ കണ്ടെത്താനുമായില്ല. ഈ പ്രചാരണം രൂക്ഷമായതോടെ കേരള സ്റ്റേറ്റ് ഐടി മിഷന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇത് തെറ്റായ പ്രചാരണമാണ് എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു