ദേശീയം
ജോണ്സണ് ആന്റ് ജോണ്‍സണിന്റെ സിംഗിള്‍ ഡോസ് ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് റിപ്പോർട്ട്
ലോകരാജ്യങ്ങളില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ പ്രമുഖ അമേരിക്കന്‍ മരുന്ന് കമ്പനിയായ ജോണ്സണ് ആന്റ് ജോണ്‍സണിന്റെ കോവിഡ് വാക്സിന് ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. സിംഗിള്‍ ഡോസ് വാക്സിനാണ് ജോണ്സണ് ആന്റ് ജോണ്സണ് വികസിപ്പിച്ചത്.
അമേരിക്ക ഉള്‍പ്പെടെ വിവിധ ലോകരാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം പടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് പ്രതീക്ഷ നല്കുന്ന റിപ്പോര്‍ട്ട്. ഡെല്‍റ്റ വകഭേദത്തിനും കൊറോണ വൈറസിനുമെതിരെ ഫലപ്രദമെന്ന് കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറഞ്ഞത് എട്ടുമാസമെങ്കിലും കോവിഡിനെതിരെ രോഗപ്രതിരോധശേഷി കാണിക്കുന്നുണ്ട്. ഡെല്‍റ്റ വകഭേദത്തെ ചെറുക്കുന്നതിന് ആന്റിബോഡി ഉല്‍പ്പാദിപ്പിക്കുന്ന കാര്യത്തില്‍ ബീറ്റ വകഭേദത്തേക്കാള്‍ മികച്ച ഫലമാണ് നല്‍കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയതാണ് ബീറ്റ വകഭേദം.
കോവിഡിനെതിരെ ജോണ്സണ് ആന്റ് ജോണ്‍സണിന്റെ വാക്സിന് 85 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിവാസവും മരണവും ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.