ദേശീയം
ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ കോവാക്‌സിന്‍ ഫലപ്രദമെന്ന് പഠനറിപ്പോര്‍ട്ട്
കോവിഡ് വകഭേദങ്ങളായ ആല്‍ഫ, ഡെല്‍റ്റ എന്നിവയ്‌ക്കെതിരെ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കോവാക്‌സിന്‍ ഫലപ്രദമെന്ന് പഠനറിപ്പോര്‍ട്ട്. അമേരിക്കയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബ്രിട്ടനിലും ഇന്ത്യയിലുമായി കണ്ടെത്തിയ കൊറോണ വൈറസ് ബി 1.1.7 എന്ന ആല്‍ഫ വകഭേദത്തെയും, ബി 1. 617 എന്ന ഡെല്‍റ്റ വകഭേദത്തെയും കോവാക്‌സിന്‍ ഫലപ്രദമായി നിര്‍വീര്യമാക്കുന്നതായിട്ടാണ് നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കോവാക്‌സിനില്‍ കോവിഡ് വൈറസിന്റെ നിര്‍വീര്യമായ രൂപം ഉള്‍ക്കൊള്ളുന്നു. ഇത് വൈറസിനെതിരെ ആന്റിബോഡികള്‍ ഉത്പാദിപ്പിച്ച് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
കോവാക്‌സിന്‍ വളരെ സുരക്ഷിതമാണെന്നാണ് ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഇടക്കാല ഫലം സൂചിപ്പിക്കുന്നത് രോഗലക്ഷണമുള്ളവര്‍ക്ക് 78 ശതമാനം കോവാക്‌സിന്‍ ഫലപ്രദമാണെന്നാണ്.
ആശുപത്രി വാസം വേണ്ടി വരുന്ന ഗുരുതരമായ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് 100 ശതമാനം ഫലപ്രാപ്തിയും, രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് 70 ശതമാനം ഫലപ്രാപ്തിയും കോവാക്‌സിന്‍ നല്‍കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ മൂന്നാംഘട്ട പരീക്ഷണഫലം പുറത്തുവിടുമെന്നും യുഎസ് നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് അറിയിച്ചു.