Covid 19
ജമ്മുവിലെ ഇരട്ട സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരണം; അതീവ ജാഗ്രത
ജമ്മു കശ്മീര്‍ വിമാനത്താവളത്തില്‍ നടന്ന ഇരട്ട സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് ജമ്മു കശ്മീര്‍ പൊലീസ്. സ്‌ഫോടനം നടത്താന്‍ ഡ്രോണുകള്‍ ഉപയോഗിച്ചതായി സംശയിക്കുന്നതായി ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജന്‍സി സംഘം ജമ്മുവില്‍ എത്തി.
ഇന്ന് പുലര്‍ച്ചെയാണ് ഇരട്ട സ്‌ഫോടനം നടന്നത്. 1.27നാണ് ആദ്യ സ്‌ഫോടനം നടന്നത്. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോള്‍ ജമ്മുകശ്മീര്‍ വിമാനത്താവളത്തില്‍ അടുത്ത സ്‌ഫോടനം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു സ്‌ഫോടനം എന്നാണ് നിഗമനം. സ്‌ഫോടനത്തില്‍ രണ്ടു വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് ഇന്ന് ലഡാക്ക് സന്ദര്‍ശിക്കാനിരിക്കേ നടന്ന സ്‌ഫോടനത്തെ അതീവ പ്രാധാന്യത്തോടെയാണ് അന്വേഷണ ഏജന്‍സികള്‍ കാണുന്നത്. സംഭവത്തില്‍ യുഎപിഎ നിയമം അനുസരിച്ച് കേസെടുത്ത് ജമ്മു കശ്മീര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ഭീകരാക്രമണമാണെന്ന് ഡിജിപി ദില്‍ബാഗ് സിങ് സ്ഥിരീകരിച്ചു. ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണമാണിതെന്നാണ് നിഗമനം. സ്‌ഫോടക ശേഷിയുള്ള മറ്റൊരു ഐഇഡി ജമ്മു കശ്മീര്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ലഷ്‌കര്‍ ഇ തോയ്ബയുടെ ഭീകരാക്രമണം തടയാന്‍ സാധിച്ചതായി ദില്‍ബാഗ് സിങ് പറഞ്ഞു. തിരക്കുള്ള സ്ഥലത്ത് ഭീകരാക്രമണം നടത്താനാണ് അവര്‍ പദ്ധതിയിട്ടിരുന്നത്. സംഭവത്തില്‍ ഒരാളെ പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതല്‍ ആളുകള്‍ പിടിയിലാകുമെന്നാണ് കരുതുന്നതെന്നും ദില്‍ബാഗ് സിങ് പറയുന്നു. സംഭവത്തില്‍ ജമ്മു കശ്മീര്‍ പൊലീസിന് പുറമേ വ്യോമസേനയും മറ്റു ദേശീയ ഏജന്‍സികളും അന്വേഷണം നടത്തുന്നുണ്ട്.