ദേശീയം
ഡെല്‍റ്റ പ്ലസ് കേസുകള്‍ ; മഹാരാഷ്ട്ര വീണ്ടും കടുത്ത നിയന്ത്രണത്തിലേക്ക്
കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം കൂടുതല്‍ പേരില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ ഏഴു ജില്ലകളില്‍ നിന്നായി 21 ഡെല്‍റ്റ പ്ലസ് കേസുകളാണ് കണ്ടെത്തിയത്. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനമൊട്ടാകെ ഏകീകൃത നിയന്ത്രണങ്ങള്‍ വീണ്ടും കൊണ്ടുവരുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
കഴിഞ്ഞദിവസം ഡെല്‍റ്റ പ്ലസിനെ ആശങ്കപ്പെടുത്തുന്ന കോവിഡ് വകഭേദമായി കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. നിലവില്‍ രാജ്യത്ത് 40 പേരിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. ഇതില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയിലാണ്. ഇവരെ നിരീക്ഷണത്തിലാക്കിയതായും യാത്രയുടെ വിശദാംശങ്ങള്‍ തേടിയതായും ആരോഗ്യമന്ത്രി രാജേഷ് തോപ്പ് അറിയിച്ചു.
സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കൂടുതല്‍ സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിനായി അയച്ചു കൊടുക്കും. ഇതുവരെ സംസ്ഥാനത്ത് ഡെല്‍റ്റ് പ്ലസ് വകഭേദം ബാധിച്ച് ആരും മരിച്ചിട്ടില്ലെന്നും ഇതുവരെ ഒരു കുട്ടിയെയും രോഗം ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീതിയിലാണ് രാജ്യം.
മൂന്നാം തരംഗത്തില്‍ കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മൂന്നാം തരംഗത്തില്‍ ഡെല്‍റ്റ പ്ലസ് വകഭേദമായിരിക്കും മാരകമാകാന്‍ പോകുന്നത് എന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. എന്നാല്‍ കുട്ടികളെ കൂടുതലായി ബാധിക്കുമെന്നതിന് തെളിവൊന്നുമില്ലെന്നും ആശങ്കപ്പെടാതെ ജാഗ്രത കൈവിടാതിരിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.