കേരളം
മൈതാനം പുല്ലുകയറി നശിക്കുന്നു : ലോക്ഡൗൺ ഇളവുകളുണ്ടായിട്ടും നഗരസഭാ മൈതാനം തുറക്കുന്നില്ല
ലോക്ഡൗൺ ഇളവുകളുണ്ടായിട്ടും നെയ്യാറ്റിൻകര നഗരസഭയുടെ ടി.ബി. കവലയിലെ മൈതാനം തുറക്കുന്നില്ല. സ്വാതന്ത്ര്യസമരസേനാനി ഡോ. ജി.രാമചന്ദ്രന്റെ നാമത്തിലുള്ള മൈതാനം പുല്ലുകയറി നശിച്ചിട്ടും ഒരു നവീകരണവും നടത്തുന്നില്ല. മൈതാനം പ്രഭാത, സായാഹ്ന നടത്തത്തിനും തുറന്നുകൊടുക്കുന്നില്ല. മൈതാനം അടച്ചിട്ടതോടെ ഇതിനു മുന്നിൽ വഴിയോരക്കച്ചവടക്കാർ കൈയേറിയിരിക്കുകയാണ്.
അൻപതുലക്ഷത്തിലേറെ രൂപ വിനിയോഗിച്ച് നവീകരിച്ച മൈതാനം ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് അടച്ചിട്ടത്. ടി.ബി. കവലയിൽ മരുത്തൂർ തോടിനോടു ചേർന്നുള്ള മൈതാനത്തിൽ ദിവസവും ക്രിക്കറ്റ്, കബടി, ഫുട്‌ബോൾ, ബാഡ്മിന്റൺ ഉൾപ്പെടെയുള്ള കായിക വിനോദങ്ങൾക്കായി നിരവധി യുവാക്കളാണ് ഉപയോഗിച്ചിരുന്നത്.
ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ കായികപരിശീലനങ്ങളും മുടങ്ങിയിരുന്നു. മൈതാനത്തിൽ തറയോടുപാകിയ നടപ്പാത നിർമിച്ചിരുന്നു. പ്രഭാത, സായാഹ്ന നടത്തക്കാർക്കായാണ് ഇത് നിർമിച്ചത്. മൈതാനം പൂട്ടിയതോടെ ഇപ്പോൾ പ്രഭാത, സായാഹ്ന നടത്തയും നിലച്ചിരിക്കുകയാണ്.
മൈതാനം പ്രഭാത, സായാഹ്ന നടത്തയ്ക്കായെങ്കിലും തുറന്നുകൊടുക്കണമെന്ന് ആലുംമൂട് ടൗൺ റസിഡൻറ്സ് അസോസിയേഷൻ പ്രസിഡന്റ് മഞ്ചത്തല സുരേഷ് ആവശ്യപ്പെട്ടു.